07:48pm 27 June 2026
NEWS
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം
27/06/2026  06:36 AM IST
nila
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ മിസൈൽ, ഡ്രോൺ പ്രവർത്തന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വലിയ ചരക്കുകപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ സംജാതമായത്.

ചരക്കുകപ്പലിനു നേരെ ഇറാൻ നാല് ഡ്രോണുകൾ അയച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതായും ശേഷിച്ച മൂന്ന് ഡ്രോണുകൾ അമേരിക്കൻ സേന വെടിവെച്ച് തകർത്തതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലാണ് ആക്രമണത്തിനിരയായതെന്നാണ് വിവരം. 

ഒമാൻ തീരത്തെ ദുഖം  നഗരത്തിന് തെക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, ഇറാൻ നിർദേശിച്ച സമുദ്രമാർഗം പാലിക്കാത്ത കപ്പലുകൾക്ക് സുരക്ഷാ ഉറപ്പോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കില്ലെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ഹോർമുസിലെ സുരക്ഷിത നാവിക ഇടനാഴിയും ഇറാൻ അടച്ചതോടെ ആഗോള കപ്പൽഗതാഗതം വീണ്ടും പ്രതിസന്ധിയിലായി.

ഹോർമുസ് കടലിടുക്കിലൂടെ നിർദേശങ്ങൾ ലംഘിച്ച് സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കപ്പൽ ഉടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി. ഒരേസമയം 130 കപ്പലുകൾ വരെ കടന്നുപോകാൻ കഴിയുന്ന പ്രധാന നാവികപാത പൂർണമായും സജീവമായാൽ മേഖലയിലെ തന്ത്രപ്രധാനമായ മേൽക്കൈ നഷ്ടപ്പെടുമെന്ന വിലയിരുത്തലാണ് ഇറാന്റെ കടുത്ത നിലപാടിന് പിന്നിലെന്നാണ് സൂചന.

ഇതിനിടെ, ഹോർമുസ് മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം നിലവിൽ വന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img