
അഹ്വാസ്: ഇറാനിലെ അഹ്വാസ് നഗരത്തിലുള്ള ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം നടത്തിയതായി റിപ്പോർട്ട്. വ്യോമാക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ആക്രമണത്തെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളെയും മറ്റ് രോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടതായും മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ അധികൃതർ അറിയിച്ചു. ബുധനാഴ്ച സൈനിക ബാരക്കിനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
അഹ്വാസിന് പുറമെ ഖെഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക്, ചഹാബഹാർ, കൊനാരക്, റാസ്ക് സിറ്റി, ഖൊണ്ടാബ്, ഖൊറമാബാദ് തുടങ്ങിയ നഗരങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറാനിലെ ഏക സിവിലിയൻ ആണവനിലയം പ്രവർത്തിക്കുന്ന ബുഷെറിലും ആക്രമണം നടന്നതായി ഇറാൻ സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഭീഷണിയായിരുന്ന ഇറാൻ സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. അതേസമയം, ആൻഡിമേഷ്ക് നഗരത്തിന് മുകളിലൂടെ പറന്ന അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു.
ഇതിനിടെ, സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ രാജ്യത്തെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.











