
കൊച്ചി : അതിവേഗം വളരുന്ന ടൂറിസം വികസനത്തിൽ ഉരു ഹൗസ് ബോട്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ കല്ലായിയിലെ ഉരു നിർമ്മാതാവ് ചിറയിൽ സദാശിവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏതു ജലാശയത്തിലൂടെയും ഒഴുകി നടക്കാൻ കഴിയുന്ന തരത്തിലുളള പരിസ്ഥിതി സൗഹൃദമായ ആഡംബര ഉരു ഹോട്ടലുകളും മറ്റു നിർമ്മിതികളും നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായി വികസിപ്പിച്ചെടുക്കാൻ കഴിയുന്നതാണ്.
ഒരു കാലത്ത് ബേപ്പൂരിൽ ഉരു നിർമാണം സജീവമായിരുന്നു. എന്നാൽ ഇപ്പോൾ പേരിന് മാത്രമായി ചുരുങ്ങിയ അവസ്ഥയാണ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ഉരു നിർമ്മാണം അന്യം നിന്നു പോകുന്ന അവസ്ഥയിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ധാരുകരകൗശല ജലയാന നിർമിതികൾ ഏറ്റെടുത്താൽ പ്രായപരിധി വ്യത്യാസമില്ലാതെ നിരവധി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഉരു നിർമ്മിക്കാനാവശ്യമായ സ്ഥലസൗകര്യവും ആവശ്യമായ അനുമതികളും ലഭ്യമാക്കണമെന്നവശ്യപ്പെട്ട് കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്കും വിവിധ വകുപ്പുകൾക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും അറ നൂറ്റാണ്ടോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഒരു ടെക്‌നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഒരാൾ ഒരു രൂപ ചലഞ്ച് സംഘടിപ്പിക്കുകയാണ്. അതുവഴി ലഭിക്കുന്ന തുകയിൽ ഉരു നിർമിക്കാനും നൂറോളം പേർക്ക് തൊഴിൽ നൽകാനും ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം വി ശശി പങ്കെടുത്തു..










