
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തീർത്ഥാടനത്തിനായി ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് റെയിൽവേയുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.
സ്റ്റേഷൻ കവാടത്തിലെ റോഡിന്റെ ടാറിങ്, സർക്കുലേറ്റിങ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, സ്റ്റേഷൻ കെട്ടിടത്തിന്റെ പെയിന്റിങ്, കെട്ടിടത്തിലെ ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് തീർത്ഥാടന കാലത്തിന് മുമ്പായി അടിയന്തരമായി പൂർത്തിയാക്കുന്നത്. തീർത്ഥാടകരുടെ വർധിച്ച തിരക്ക് കണക്കിലെടുത്ത് സ്റ്റേഷനിലെ യാത്രാസൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കുന്നത്.
ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി റെയിൽവേ 148 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്നും എംപി അറിയിച്ചു. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന ഭക്തർക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള തീർത്ഥാടനകാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷന്റെ പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, തീർത്ഥാടന കാലത്തെ ആവശ്യങ്ങൾ കണക്കിലെടുത്ത് അത്യാവശ്യ പ്രവൃത്തികൾ നീട്ടിവയ്ക്കാതെ പൂർത്തിയാക്കണമെന്ന ആവശ്യവും എംപി ഉന്നയിച്ചു.
പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമായി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജറുമായും എംപി കൂടിക്കാഴ്ച നടത്തി. തീർത്ഥാടന കാലത്ത് ചെങ്ങന്നൂർ സ്റ്റേഷനിലെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ മുൻകൂട്ടി ഏർപ്പെടുത്തണമെന്നും അദ്ദേഹം റെയിൽവേ അധികൃതരോട് നിർദേശിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ യോഗം ചേരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. റെയിൽവേ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ, അടിയന്തര അറ്റകുറ്റപ്പണികളുടെ പുരോഗതി, പ്രത്യേക ട്രെയിൻ സർവീസുകൾ, തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ വിശദമായി വിലയിരുത്തും.










