04:10pm 05 November 2026
NEWS
അർബൻ ബാങ്ക് അഴിമതി പുതിയ വിതാനത്തിലേക്ക്; ഡി.സി.സി നേതാവിന്റെയും മകന്റെയും ആത്മഹത്യ
07/02/2025  08:21 PM IST
കോയാമു കുന്നത്ത്
അർബൻ ബാങ്ക് അഴിമതി പുതിയ വിതാനത്തിലേക്ക്; ഡി.സി.സി നേതാവിന്റെയും മകന്റെയും ആത്മഹത്യ

സഹകരണ ജനാധിപത്യ ക്ലിപ്തം സമം കോൺഗ്രസ് മോഡൽ വയനാട് ജില്ലയിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി ഡി.സി.സി ജില്ലാ ട്രഷറർ മകന് വിഷം കൊടുത്ത് ആത്മഹത്യ ചെയ്ത സംഭവം വൻവിവാദമായി മാറുന്നു. ഡി.സി.സി വയനാട് ജില്ലാട്രഷററായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി എൻ.എം. വിജയൻ ശാരീരികവൈകല്യമുള്ള മകൻ ജിജേഷിന് വിഷം നൽകി സ്വയംമരണത്തിന് കീഴടങ്ങിയ സംഭവം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയാണ്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ കെ.പി.സി.സി നേതൃത്വവും ഡി.സി.സി നേതൃത്വവും അങ്കലാപ്പിലായിരിക്കുകയാണ്. തന്റെയും മകന്റെയും മരണത്തിന്റെ ഉത്തരവാദിത്തം കെ.പി.സി.സി- ഡി.സി.സി നേതൃത്വത്തിനും സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് ഗോപിനാഥൻ മാസ്റ്റർ തുടങ്ങിയവർക്കാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ടതോടെ സഹകരണ നിയമനത്തട്ടിപ്പിന്റെ വ്യാപ്തിയും, രാഷ്ട്രീയപ്പോരാട്ടവും ശക്തിപ്പെട്ടിരിക്കുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡാണ് ദീർഘകാലമായി ബത്തേരി അർബൻ ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ 15 കൊല്ലമായി നടന്നുവരുന്ന അഴിമതികളുടെ കഥകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി ഭരിച്ചിരുന്ന സഹകരണബാങ്ക് ഒരു ബി.ജെ.പി ഡയറക്ടർക്ക് പത്ത് ലക്ഷം രൂപ കോഴ നൽകി രാജിവയ്പ്പിക്കുകയും, അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തതോടെ തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകൾ ഇപ്പോൾ ഡി.സി.സി ജില്ലാ ട്രഷറർ മാനസിക വൈകല്യമുള്ള മകനു കൂടി വിഷം നൽകി മരണത്തിന് വിട്ടുകൊടുത്ത് ആത്മഹത്യയിൽ അഭയം തേടിയിരിക്കുന്നു. ആത്മഹത്യ സംബന്ധിച്ച വിവാദങ്ങൾ പുറത്തുവന്നതോടെ വയനാട് ജില്ലയിൽ കോൺഗ്രസും യു.ഡി.എഫും ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കയാണ്. ബി.ജെ.പി ഭരിച്ചിരുന്ന സഹകരണബാങ്കിൽ എൻ.എം. വിജയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ആയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഭരണസ്വാധീനം ഉപയോഗിച്ച് 22 പോസ്റ്റുകളിലേക്കുള്ള ഒഴിവുകൾ അംഗീകരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ ഭരണം നിലനിർത്തുകയും ചെയ്തതോടെയാണ് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം എൻ.എം. വിജയന് ഏറ്റെടുക്കേണ്ടിവന്നത്. സാമ്പത്തിക തിരിമറികളുടെ ഉത്തരവാദിത്തം മുൻ ഡി.സി.സി പ്രസിഡന്റുമാരായിരുന്ന കെ.എൻ. പൗലോസ്, പി.വി. ബാലചന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് സഹകരണ സെൽ കൺവീനറായിരുന്ന ഗോപിനാഥൻ മാസ്റ്റർ എന്നിവർക്കായിരുന്നുവെന്നും ഇവരെല്ലാം വീതിച്ച് എടുത്ത പണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് പ്രസിഡന്റ്, ഡി.സി.സി ട്രഷറർ എന്നീ നിലകളിൽ തന്നെ ചുമതലപ്പെടുത്തി കുടുക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഉദ്യോഗാർത്ഥികളിൽനിന്ന് നേതാക്കൾ തട്ടിയെടുത്ത പണം തിരിച്ച് നൽകുന്നതിനായി തന്റെ പേരിലുള്ള ചെക്കുകൾക്ക് പുറമെ സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി വായ്പകൾ വാങ്ങിയതായും കത്തിലുണ്ട്. സ്ഥലവും വീടും പണയപ്പെടുത്തി എടുത്ത 35 ലക്ഷം രൂപയുടെ വായ്പ 65 ലക്ഷത്തിലധികമായി വർദ്ധിച്ചിട്ടുണ്ടെന്നും,നിലവിലെ ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ വാങ്ങിയ പണത്തിന് ഈടായി നൽകിയ 5 സെന്റ് സ്ഥലം ഇപ്പോൾ നഷ്ടപ്പെട്ട  നിലയിലാണെന്നും കുറിപ്പിലുണ്ട്. മുൻ എം.എൽ.എ കൂടിയായ ഡി.സി.സി പ്രസിഡന്റ് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനാൽ പ്രസ്തുത പണത്തിന് ഈടായി നൽകിയ സ്ഥലത്തിന് മേൽക്കോടതി നടപടി വന്നതിനെത്തുടർന്ന് വിൽപ്പന നടത്താൻ കഴിഞ്ഞിട്ടില്ലെന്നും എൻ.എം. വിജയൻ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു. മൊത്തത്തിൽ രണ്ടേകാൽ കോടി രൂപയോളം ബാധ്യത ഡി.സി.സി ട്രഷറർ എന്ന നിലയ്ക്ക് വിജയൻ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്.

ഡിസംബർ 25 നാണ് എൻ.എം. വിജയനും മകനും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. ഏതാനും ദിവസത്തെ ചികിത്സയിൽ മകനും പിന്നീട് വിജയനും മരണപ്പെടുകയായിരുന്നു. മരണശേഷം ബാങ്ക് നിയമനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്റെ പേര് പരാമർശിക്കുന്ന വ്യക്തിഗത കരാറിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. കരാറിന്റെ പകർപ്പ് പുറത്ത് വന്നതോടെ മൂന്നിലധികം ആളുകൾ നിയമനത്തിന് പണം നൽകി വഞ്ചിക്കപ്പെട്ടതായി പരാതി ഉയർത്തിയിരുന്നു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയ്‌ക്കെതിരായ പ്രക്ഷോഭം ഉയർന്നുവന്ന ഘട്ടത്തിൽ എം.എൽ.എയെയും ഡി.സി.സി ഭാരവാഹികളെയും രക്ഷിക്കാനാണ് കോൺഗ്രസ്-യു.ഡി.എഫ് നേതൃത്വം ശ്രമിച്ചത് . ഐ.സി. ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന ആവശ്യത്തെ രാഷ്ട്രീയമായി ചെറുക്കുന്നതിന് വിശദീകരണയോഗങ്ങളും മറ്റും നടത്തുന്നതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടുളളത്. ഡി.സി.സി നേതൃത്വം ആത്മഹത്യയ്ക്ക് കാരണമായി കുടുംബവിഷയങ്ങളും സാമ്പത്തികബാധ്യതയുമാണെന്ന് പ്രചരിപ്പിച്ച് വരികയായിരുന്നു.

ഡി.സി.സി ജില്ലാട്രഷററായിരുന്ന എൻ.എം. വിജയൻ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവർക്ക് നൽകാനായിരുന്നു കത്ത് എഴുതി ഏൽപ്പിച്ചത്. കെ.പി.സി.സി നേതൃത്വം മാന്യമായി വിഷയത്തിൽ ഇടപെടുന്നില്ലെങ്കിൽ പോലീസ് സൂപ്രണ്ട്, മാധ്യമങ്ങൾ എന്നിവയ്ക്ക് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. മരണത്തിനുശേഷം വിജയന്റെ മകൻ വിജേഷും ഭാര്യ പത്മജയും പ്രതിപക്ഷ നേതാവിനെയും സുധാകരനെയും കണ്ട് കത്ത് ഏൽപ്പിച്ചുവെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കത്തുകൾ മാധ്യമങ്ങൾക്കും പോലീസിനും കൈമാറിയത്. അവസാനനിമിഷത്തിലും തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാൻ പാർട്ടി ഇടപെടുമെന്ന പ്രതീക്ഷയിലായിരുന്നു എൻ.എം. വിജയൻ. മരണത്തിനുശേഷം ഡി.സി.സി ഭാരവാഹികളോ മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളോ വിജയന്റെ വീട് സന്ദർശിക്കാൻ തയ്യാറായിട്ടില്ലെങ്കിലും സണ്ണി ജോസഫ് എം.എൽ.എ അടക്കം പങ്കെടുത്ത വിശദീകരണ പൊതുയോഗം ബത്തേരിയിൽ നടത്താൻ ഡി.സി.സി തയ്യാറായി.

സുൽത്താൻ ബത്തേരി അർബൻ ബാങ്ക്, പൂതാടി സർവ്വീസ് സഹകരണ ബാങ്ക്, ബത്തേരി കാർഷികവികസന ബാങ്ക്, മടക്കിമല സർവ്വീസ് സഹകരണബാങ്ക്, മേപ്പാടി തൃക്കൈപ്പറ്റ സർവ്വീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴമതി ആരോപണങ്ങളാണ് ഒന്നിന് പുറമെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നടത്തിയ വായ്പാ തട്ടിപ്പ് സംബന്ധിച്ച് ഇ.ഡി. അന്വേഷണം നടത്തിവരികയാണ്. സേവാദൾ ജില്ലാ ചെയർമാൻ കെ. സജീവൻ  ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരും ജയിലിലായിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. വായ്പാ തട്ടിപ്പിന് ഇരയായ ജയചന്ദ്രൻ നായർ എന്ന കർഷകൻ ജപ്തിഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തതോടെയാണ് പുൽപ്പള്ളി ബാങ്കിലെ വായ്പാ തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഇ.ഡി നടത്തിയ അന്വേഷണത്തിൽ 10 കോടിയോളം രൂപയുടെ തട്ടിപ്പാണ് പുൽപ്പള്ളിയിൽ നടന്നിട്ടുള്ളത്.

സൊസൈറ്റികളിലെ പ്രധാന നിയമനങ്ങൾ സർക്കാർ പ്രത്യേക പരീക്ഷാബോർഡിന്റെ ചുമതലയിലേക്ക് മാറ്റിയിരുന്നെങ്കിലും പ്യൂൺ, വാച്ചർ, സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനം ബോർഡിന്റെ ചുമതലയിലാണ്. പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് സഹകരണ നിയമനത്തട്ടിപ്പ് നടത്തുന്നത്. കൂടുതൽ ശാഖകൾ ആരംഭിച്ച് തസ്തികകൾ ഉണ്ടാക്കുകയും പിന്നീട് ഒഴിവ് വരുന്ന തസ്തികകളിലേക്ക് പ്രമോഷൻ നൽകുകയും ചെയ്യുന്ന രീതിയിലാണ് അനുവർത്തിക്കുന്നത്. ബത്തേരി അർബൻ ബാങ്കിൽ 22 തസ്തികകളാണ് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് ഉണ്ടാക്കിയത്. പിന്നീട് പ്രസ്തുത ഒഴിവുകളിലേക്ക് ബി.ജെ.പി നേതൃത്വമാണ് നിയമനം നടത്തിയത്. നിയമനം സംബന്ധിച്ച് അന്നും ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഒഴിവുകൾ സംബന്ധിച്ച വിവരം പുറത്തുവരുന്നതോടെ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും പണം പിരിക്കുകയുമാണ് പതിവ്. ബത്തേരിയിൽ പ്രാദേശിക നേതാക്കളായ സി.ടി. ചന്ദ്രൻ, യു.കെ. പ്രേമൻ എന്നിവരെ മുൻനിർത്തിയാണ് ഡി.സി.സി ഭാരവാഹികൾ സാമ്പത്തിക തിരിമറികൾ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാരവാഹികൾ നേരിട്ട് തട്ടിപ്പിൽ കണ്ണികളായി മാറില്ല.

ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സേവാദൾ ജില്ലാ ചെയർമാൻ ആർ.പി. ശിവദാസൻ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു. ഡി.സി.സി നേതൃത്വം കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ജില്ലാ ഭാരവാഹികളായ വിനയൻ, ടി.പി. രാജശേഖരൻ, ബിനുതോമസ് എന്നിവരെ കമ്മീഷനായി നിയമിച്ചു. ഇവരുടെ റിപ്പോർട്ട് പ്രകാരം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുകയും കെ.പി.സി.സി ഭാരവാഹിയായ സണ്ണിജോസഫ് എം.എൽ.എയെ അന്വേഷണ കമ്മിഷനായി നിയമിച്ചെങ്കിലും റിപ്പോർട്ട് പുറത്ത് വരികയോ, തുടർനടപടികൾ ഉണ്ടാവുകയോ ഉണ്ടായില്ല. പരാതി ഉന്നയിച്ച ആർ.പി. ശിവദാസനെ സേവാദൾ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്നും ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിക്കൊണ്ട് കോൺഗ്രസ് ഐ അഴിമതിവിരുദ്ധ പ്രഖ്യാപനം നടത്തുകയായിരുന്നു.

അധ്യാപകനിയമനത്തിലും പോസ്റ്റിംഗ് ട്രാൻസ്ഫർ തുടങ്ങിയവയിൽ യു.ഡി.എഫ് ഭണകാലത്ത് ആരോപണ വിധേയനായ വ്യക്തിയാണ് പിന്നീട് സഹകരണ സെൽ കൺവീനറായി മാറിയത്. ആരോപണ വിധേയനായ കെ.കെ. ഗോപിനാഥനായിരുന്നു സാമ്പത്തിക ശേഖരണത്തിന്റെയും വിതരണത്തിന്റെയും മുഖ്യകാർമ്മികത്വം വഹിച്ചിരുന്നതെന്ന് പണ്ടെ സത്യമാണ്. നിയമനത്തിനായി ഒരേസമയം നിരവധിപ്പേരിൽ നിന്ന് പണം വാങ്ങുകയും ജോലി ലഭിക്കാത്തവർക്ക് പണം തിരിച്ച് നൽകാതെ കബളിപ്പിക്കുന്ന രീതിയാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരുന്ന രീതി. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പിരിച്ചെടുക്കുന്ന പണം നേതാക്കൾക്ക് അടക്കം വീതിച്ച് നൽകുന്ന രീതിയിലാണ്. ആരോപണവിധേയനായ കെ.കെ. ഗോപിനാഥന്റെ മകളുടെ ഭർത്താവ് സുൽത്താൻ ബത്തേരിയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കുപ്രസിദ്ധി നേടിയിരുന്ന ആ പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തി പരാതിക്കാരെ ഒതുക്കുന്ന രീതിയും അവലംബിച്ചിരുന്നു.

മടക്കിമല സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിയമനത്തിനായി ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പണം വാങ്ങിയതോടെയാണ് പരാതി ഉയർന്നിരുന്നത്. നാല് ഒഴിവുകളിൽ രണ്ടെണ്ണം ലീഗിന് നൽകിയിരുന്നു. ലീഗുകാരെ സ്വാധീനിച്ച് നൽകിയ രണ്ട് പോസ്റ്റുകൾ പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ നാല് ഒഴിവുകളിലേക്കും പണം വാങ്ങിയെന്നാണ് മറ്റൊരു പരാതി. നിയമനത്തിന്റെ മറവിൽ ശേഖരിച്ച പണം പാർട്ടി പ്രവർത്തനത്തിനായി ചെലവഴിച്ചുവെന്ന ന്യായത്തിന് മുന്നിൽ അഴിമതി ആരോപണങ്ങൾ നിർജീവമായി. ബി.ജെ.പി സംസ്ഥാന വനിതാ നേതാവിന്റെ ബന്ധുവിന് നിയമനം നൽകണമെന്ന് സംസ്ഥാന നേതാക്കൾ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. നിയമനങ്ങൾക്ക് പണം വാങ്ങിയ വിഷയം പൊതുചർച്ചയായതോടെ മുഴുവൻ ഡയറക്ടർമാരും പങ്കെടുക്കുന്ന ഇന്റർവ്യൂ ബോർഡിന്റെ തീരുമാനത്തിന് വിടുകയും, പണം നൽകിയ വ്യക്തികൾക്ക് നിയമനം നൽകി വിവാദം അവസാനിപ്പിക്കാനുമാണ് തീരുമാനം.

കോൺഗ്രസ് നേതാവും, യു.ഡി.എഫ് വയനാട് ജില്ലാ മുൻചെയർമാനുമായ കെ.കെ. വിശ്വനാഥൻ പ്രസിഡന്റായ പൂതാടി കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിയമനങ്ങൾ മുൻനിർത്തി സി.പി.ഐ(എം) പ്രക്ഷോഭത്തിലാണ്. ബാങ്കിന്റെ വികസനത്തിന്റെ മറവിൽ പുതിയ ശാഖകൾ ഉണ്ടാക്കി 20 ലധികം നിയമനങ്ങൾ സമീപകാലത്തായി നടത്തിയെന്നാണ് ആരോപണം. ഒരു കോടിയിലധികം രൂപ നിയമനത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് പിരിച്ചെടുത്തതായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

ആത്മഹത്യചെയ്ത എൻ.എം. വിജയനേയും കുടുംബത്തേയും സഹായിക്കുന്നതിന് പകരം അപമാനിക്കാനാണ് തുടക്കം മുതൽ തന്നെ ഡി.സി.സി നേതൃത്വവും കെ.പി.സി.സിയും ശ്രമിച്ചത്. കോൺഗ്രസ് ഐയുടെ പ്രമുഖ നേതാക്കൾ ഒന്നും തന്നെ പരേതന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി നേതൃത്വത്തിന് എഴുതിയ കത്തുകൾ പുറത്തുവന്നതോടെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കുടുംബത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിക്കുകയും സമീപനം സംബന്ധിച്ച് വിവാദം ഉയരുകയും ചെയ്തിരിക്കയാണ്. എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ ബി.ജെ.പി നേതൃത്വവും കളങ്കിതരായിരിക്കുകയാണ്. ബി.ജെ.പി ഡയറക്ടർ രാജിവയ്ക്കുന്നതിന് പത്ത് ലക്ഷം രൂപ കോൺഗ്രസ് നേതാക്കളിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണമാണ് ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കുന്നത്. കോൺഗ്രസ് ഭരണം പിടിച്ചെടുത്തതിലും തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരികയും 20 ലധികം പോസ്റ്റുകളിലേക്ക് നിയമനം നടത്തുകയും ചെയ്തു. പ്രസ്തുത നിയമനങ്ങളും അഴിമതി ആരോപണങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

മാനന്തവാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.വി. ജോൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഫീസിൽ തൂങ്ങിമരിച്ചതും സമീപകാലത്താണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്(ഐ) നേതാക്കൾ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പരാജയപ്പെടുത്തിയതിൽ മനംനൊന്താണ് പാർട്ടി ആഫീസിൽതന്നെ അദ്ദേഹം ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ മരണത്തിന്റെ പേരിലും കുടുംബത്തെ അപമാനിക്കാൻ ഡി.സി.സി നേതൃത്വം മുന്നിട്ട് ഇറങ്ങിയിരുന്നു.

സഹകരണ സ്ഥാപനങ്ങളിലെ പ്യൂൺ- വാച്ചർ തുടങ്ങിയ തസ്തികകളിലെ നിയമനങ്ങൾ മാത്രമാണ് ഡയറക്ടർ ബോർഡിന് അധികാരമുള്ളത്. ബോർഡ് അംഗങ്ങളുടെയും, ഡയറക്ടർ ബോർഡിന്റെയും, ബോർഡ് നിയന്ത്രിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും താൽപ്പര്യത്തിനനുസരിച്ച് കൂടുതൽ ശാഖകൾ ആരംഭിച്ച് നിയമനം നടത്തുകയാണ് പതിവ് രീതി. പ്യൂൺ നിയമനത്തിന് ശേഷം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉയർന്ന തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്ന രീതിയാണ് നിലവിലുള്ളത്. സഹകരണ മേഖലയിലെ നിയമനങ്ങളിൽ വൻ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഒഴിവുകൾ നികത്താനുള്ള ബോർഡിന്റെ അവകാശം സർക്കാരാണ് എടുത്തുകളഞ്ഞത്.

കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെയും കെ.പി.സി.സി നേതൃത്വത്തിന്റെയും മനുഷ്യത്വരഹിതമുഖത്തിന്റെ നേർരേഖയായി മാറിയിരിക്കയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img