
കെന്റക്കി: അമേരിക്കയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു. കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിലാണ് സംഭവം. ഹോണോലുലുവിലേക്കുള്ള യുപിഎസ് കാർഗോ വിമാനമാണ് തകർന്നുവീണ് കത്തിയമർന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ വിവരങ്ങൾ പ്രകാരം വൈകുന്നേരം 5:15ഓടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
മക്‌ഡൊണൽ ഡഗ്ലസ് എംഡി-11 മോഡലിലുള്ള ഈ കാർഗോ വിമാനത്തിൽ മൂന്നു ജീവനക്കാരുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ അണയ്ക്കാനും സമീപപ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും എമർജൻസി വിഭാഗങ്ങൾ ശക്തമായി പ്രവർത്തിക്കുന്നു.
വിമാനത്തിൽ വൻ അളവിൽ ജെറ്റ് ഇന്ധനം ഉണ്ടായിരുന്നത് തീപിടുത്തത്തിന്റെ തീവ്രത കൂട്ടിയെന്ന് ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന് വടക്കുള്ള പ്രദേശങ്ങളിലേക്കും ഒഹായോ നദിയുടെ തീരപ്രദേശങ്ങളിലേക്കും ഷെൽട്ടർ-ഇൻ-പ്ലേസ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്.
യുപിഎസിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം ടേക്ക് ഓഫിനുശേഷം ചില മിനിറ്റുകൾക്കകം തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് തീപിടിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











