09:38am 09 October 2026
NEWS
യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് വരുന്നത് വൈകിയേക്കും; ഒക്ടോബർ 15-ലെ തീരുമാനം നിർണായകം
09/10/2026  08:47 AM IST
nila
യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് വരുന്നത് വൈകിയേക്കും; ഒക്ടോബർ 15-ലെ തീരുമാനം നിർണായകം

മുംബൈ: യു.പി.ഐ. വഴി 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം തൽക്കാലത്തേക്ക് മാറ്റിവെച്ചേക്കും. ഉത്സവകാലത്ത് പുതിയ നിരക്കുകൾ നടപ്പാക്കുന്നത് വ്യാപാരികൾക്ക് അധിക ബാധ്യതയുണ്ടാക്കുമെന്ന പരാതിയെ തുടർന്നാണ് നടപടി നീട്ടിവെക്കുന്നത് പരിഗണിക്കുന്നത്. യു.പി.ഐ.യുടെ നിയന്ത്രണച്ചുമതലയുള്ള നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വ്യാപാര സംഘടനകൾക്കും ഫിൻടെക്, പെയ്‌മെന്റ് കമ്പനികൾക്കും പുതിയ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലും ചർച്ചകൾ നടക്കുന്നതായാണ് വിവരം.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ്

നിലവിലെ നിർദേശപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ. ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കും. പരമാവധി 300 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സ്കൂൾ, കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി-വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഇടപാടുകൾക്ക് ഓരോന്നിനും അഞ്ചു രൂപയാണ് നിർദേശിച്ചിരിക്കുന്നത്.

വ്യാപാരികളുടെ വിഭാഗം തിരിച്ചറിയാൻ ഉപയോഗിക്കുന്ന കാറ്റഗറി കോഡും ഫീസ് നിർണയത്തിൽ പ്രധാനമാണ്. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത നിരക്കുകൾ ബാധകമാകുന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകൾക്കനുസരിച്ച് ബില്ലിങ്, പെയ്‌മെന്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടതിനാൽ കൂടുതൽ സമയം വേണമെന്നാണ് ഇവരുടെ വാദം.

ഉത്സവകാലത്ത് അധിക ചെലവ് വേണ്ടെന്ന് വ്യാപാരികൾ

ഉത്സവ സീസണിൽ തന്നെ ഫീസ് നടപ്പാക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാര സംഘടനകളുടെ ആശങ്ക. കാർഡ് ഇടപാടുകളിൽ താരതമ്യേന ഏകീകൃതമായ ഫീസ് രീതിയുള്ളപ്പോൾ യു.പി.ഐ.യിൽ വ്യാപാരികളുടെ വിഭാഗമനുസരിച്ച് നിരക്കുകൾ മാറുന്നത് കൂടുതൽ സങ്കീർണത സൃഷ്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.

പണപ്പെരുപ്പ സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ചെലവ് വർധിക്കുന്നത് വിപണിയെയും ബാധിച്ചേക്കുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. ഇതും ഫീസ് നടപ്പാക്കുന്ന തീയതി പുനഃപരിശോധിക്കാൻ കാരണമായേക്കാം.

അതേസമയം, ഫീസ് നീട്ടിവെക്കുന്നതു സംബന്ധിച്ച് എൻ.പി.സി.ഐ. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒക്ടോബർ 15 മുതൽ എം.ഡി.ആർ. ഈടാക്കിത്തുടങ്ങുമെന്നും ഉപഭോക്താക്കൾക്ക് ഇത് ബാധകമാകില്ലെന്നും അറിയിച്ചുള്ള സന്ദേശങ്ങൾ എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾ അയക്കുന്നുണ്ട്. ഫീസ് നടപ്പാക്കൽ നീട്ടുമോ എന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയാണ് വ്യാപാര മേഖല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img