06:59pm 15 September 2026
NEWS
2000 രൂപയ്ക്ക് മുകളിൽ ​ഗൂ​ഗിൾപേ ചെയ്താൽ ഇനി ചാർജോ? ആരാണ് പണം നൽകേണ്ടത്?
15/09/2026  04:38 PM IST
nila
2000 രൂപയ്ക്ക് മുകളിൽ ​ഗൂ​ഗിൾപേ ചെയ്താൽ ഇനി ചാർജോ? ആരാണ് പണം നൽകേണ്ടത്?

യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഭാവിയിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള സാധ്യത തുറന്നിട്ട് കേന്ദ്രസർക്കാർ. എന്നാൽ ആരിൽ നിന്നാണ് ഫീസ് ഈടാക്കുക, എത്രയാണ് നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്ക് നിലവിലെ ഇളവ് തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.

നിലവിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് എംഡിആർ ഈടാക്കുന്നില്ല. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുടെ കാര്യത്തിൽ ഭാവിയിൽ ഫീസ് ഈടാക്കുന്നതിനുള്ള സാധ്യതയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം സൂചിപ്പിക്കുന്നത്. ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും 2000 രൂപ വരെയുള്ള ഇടപാടുകളിൽ എംഡിആർ ബാധകമാകില്ല.

പണം നൽകേണ്ടത് ആരായിരിക്കും?

ഇതാണ് ഉപഭോക്താക്കളിൽ പ്രധാനമായും ഉയരുന്ന ചോദ്യം. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഒരാൾ മറ്റൊരാൾക്ക് 5000 രൂപയോ 20,000 രൂപയോ അയച്ചാലും അധിക ചാർജ് നൽകേണ്ടതില്ല.

വ്യക്തികൾ വ്യാപാരികൾക്ക് നൽകുന്ന പണമിടപാടുകളാണ് ഇതിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള ഇത്തരം ഇടപാടുകൾക്ക് ഭാവിയിൽ എംഡിആർ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ടെങ്കിലും എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ നിർദേശം പുറത്തുവന്നിട്ടില്ല.

5000 രൂപയുടെ സാധനം വാങ്ങിയാൽ എത്ര നൽകണം?

നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, ഭാവിയിൽ എംഡിആർ നിലവിൽ വന്നാലും അതിന്റെ ബാധ്യത വ്യാപാരിക്കായിരിക്കും.

ഉദാഹരണത്തിന് 5000 രൂപയുടെ സാധനം വാങ്ങുമ്പോൾ ഉപഭോക്താവ് 5000 രൂപ തന്നെയാണ് യുപിഐ വഴി നൽകേണ്ടത്. 0.4 ശതമാനം എംഡിആർ ഈടാക്കിയാൽ അത് 20 രൂപ വരും. ഈ 20 രൂപ വ്യാപാരിയാണ് വഹിക്കേണ്ടത്; ഉപഭോക്താവിൽ നിന്ന് 5020 രൂപ ഈടാക്കണമെന്നില്ല.

എന്നാൽ 0.4 ശതമാനം എന്ന നിരക്ക് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഈ നിരക്ക് സംബന്ധിച്ച് സൂചനകൾ മാത്രമാണ് പുറത്തുവരുന്നത്.

എന്തുകൊണ്ട് 2000 രൂപ?

രാജ്യത്തെ ഭൂരിഭാഗം യുപിഐ ഇടപാടുകളും 2000 രൂപയിൽ താഴെയുള്ളവയാണെന്നാണ് കണക്കുകൾ. അതുകൊണ്ടാണ് 2000 രൂപ എന്ന പരിധി പ്രധാനമാകുന്നത്.

നിലവിൽ 2000 രൂപയ്ക്ക് മുകളിലുള്ള വ്യക്തി-വ്യാപാരി ഇടപാടുകൾക്കും യുപിഐ ഫീസ് ഈടാക്കുന്നില്ല. ഭാവിയിൽ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം വന്നാലും അത് വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക എന്നാണ് നിലവിലെ സൂചന.

അതായത്, ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇടപാട് തുകയ്ക്ക് പുറമെ നേരിട്ട് അധിക തുക കുറയ്ക്കുന്ന രീതിയിലുള്ള ചാർജിനെക്കുറിച്ച് ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.

എന്താണ് എംഡിആർ?

വ്യാപാരികൾ ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുമ്പോൾ ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന ഫീസാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ.

ഈ തുകയുടെ ഒരു ഭാഗം ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും ലഭിക്കും. എംഡിആർ നിലവിൽ വരികയും വ്യാപാരികൾ അതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് മാറ്റുകയും ചെയ്താൽ ഡിജിറ്റൽ പണമിടപാടുകൾക്ക് സാധാരണക്കാർ കൂടുതൽ തുക നൽകേണ്ട സാഹചര്യമുണ്ടാകാം.

എന്നാൽ നിലവിലെ ഘട്ടത്തിൽ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എത്ര എംഡിആർ ഈടാക്കും, ഏത് ഇടപാടുകൾക്ക് ബാധകമാകും, എപ്പോൾ മുതൽ നടപ്പാക്കും തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാർ അന്തിമ വ്യക്തത നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img