
പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യൽ. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് ഓർക്കുമ്പോൾ പിന്നീടാകട്ടെ എന്ന് കരുതി ആധാർ അപ്ഡേറ്റ് ചെയ്യാതെ മാറ്റി വെക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. എന്നാൽ, അക്ഷയയിലോ ആധാർ സേവ കേന്ദ്രത്തിലോ പോയി ക്യൂ നിൽക്കാതെ തന്നെ ആധാർ അപ്ഡേറ്റ് ചെയ്യാനാകും. വീട്ടിലിരുന്ന് തന്നെ എങ്ങനെയാണ് ആധാർ അപ്ഡേറ്റ് ചെയ്യാനാകുക എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിനുള്ള വഴിയാണ് ഇനി പറയുന്നത്.
myaadhar.gov.in എന്ന വെബ്‌സൈറ്റ് ഓപണാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് നമ്മുടെ ആധാർ നമ്പർ നൽകുക. ശേഷം താഴെ കാണുന്ന ക്യാപ്ച എന്റർ ചെയ്യുക. അവിടെ സെന്റ് ഒടിപി എന്ന ഓപ്ഷനുണ്ട്. അത് ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ മൊബൈലിലേക്ക് ഒരു ഒടിപി വരും അത് എന്റർ ചെയ്യുക. ശേഷം ലോഗിൻ കൊടുക്കുമ്പോൾ ഒരു വിൻഡോ ഓപ്പൺ ആകും അവിടെ ആധാർ കാർഡുമായി ബന്ധപ്പെട്ട വിവിധ സർവീസുകൾ കാണാനാകും. ആ ലിസ്റ്റിൽ നിന്ന് വേണ്ട സേവനം തിരഞ്ഞെടുക്കാം.
ഉദാഹരണമായി നിങ്ങളുടെ മേൽവിലാസമാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്കിൽ അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അപ്പോൾ അപ്‌ഡേറ്റ് ആധാർ ഓൺലൈൻ എന്ന വിൻഡോ തുറക്കും. എങ്ങനെയാണ് അഡ്രസ് അപ്‌ഡേറ്റ് ചെയ്യേണ്ടത് എന്ന വിവരങ്ങളെല്ലാം അവിടെ നൽകിയിട്ടുണ്ടാകും. ശേഷം പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാർ എന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യാം. പിന്നാലെ തുറക്കുന്ന വിൻഡോയിൽ ഡീറ്റയ്ൽസ് നൽകിയ ശേഷം പ്രൂഫായി കാണിക്കാൻ ആവശ്യമുള്ള രേഖകളും നൽകണം.
ഇതിന് ശേഷമാണ് ഫീസ് അടയേക്കേണ്ടത്. 50 രൂപ അടയ്ക്കുന്നതോടെ ഒരു സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. അപ്‌ഡേറ്റ് റിക്വസ്റ്റ് ട്രാക്ക് ചെയ്യാനും ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടേണ്ട ആവശ്യം വന്നാൽ അതിനും ഈ നമ്പർ ഉപയോഗിക്കാം. നൽകിയ ഡീറ്റെയ്ൽസും പ്രൂഫായി നൽകിയ രേഖകളിലെ വിവരങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ റിക്വസ്റ്റ് റിജക്ട് ചെയ്യപ്പെടും. ബാക്കി പരിശോധനകളും പൂർത്തിയായ ശേഷം പ്രൊസസ് കംപ്ലീറ്റായെങ്കിൽ ഫോണിലേക്ക് എസ്എംഎസ് വരും. നിലവിൽ അപ്‌ഡേറ്റ് ചെയ്ത ആധാർ നമ്മുടെ കൈയിലേക്ക് എത്താൻ 30 ദിവസത്തോളമെടുക്കും.
അതേസമയം ഫോൺ നമ്പറോ ഫോട്ടോയോ ഡേറ്റ് ഓഫ് ബെർത്തോ ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാനാകില്ല എന്ന് പ്രത്യേകം ഓർമ്മിക്കണം. അതിനായി ആധാർ എൻ റോൾ സെന്ററിലോ ആധാർ സേവ കേന്ദ്രത്തിലോ തന്നെ പോകേണ്ടിവരും.