
ലഖ്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയോട് ക്രൂരമായി പെരുമാറിയ ശുചീകരണ തൊഴിലാളിക്കെതിരെ കർശന നടപടി. രോഗിയെ തുടർച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നിർദേശപ്രകാരമാണ് നടപടികൾ വേഗത്തിലാക്കിയത്. രോഗിയോടുള്ള ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാരിക്കെതിരെ ആവശ്യമായ എല്ലാ അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്പേന്ദ്ര കുമാർ നൽകിയ വിവരമനുസരിച്ച്, ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പിങ്കിയാണ് സംഭവത്തിലെ പ്രതി. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ രോഗിയെ പത്ത് തവണയോളം ചവിട്ടുന്നതും അസഭ്യം പറയുന്നതുമാണ് വ്യക്തമായി കാണുന്നത്.
സംഭവം 1956-ലെ എംപ്ലോയീ കണ്ടക്ട് റൂൾസിന്റെ ഗുരുതര ലംഘനമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൂടാതെ, ഉത്തർപ്രദേശ് ഗവൺമെന്റ് സെർവന്റ്സ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ്, 1999 പ്രകാരവും അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. സസ്‌പെൻഷൻ കാലയളവിൽ പിങ്കിയെ ജില്ലാ ആശുപത്രിയിലെ ആയുഷ് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിലേക്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതിനായി ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ദിനേഷ് പ്രതാപ് സരോജ്, മൈക്രോബയോളജിസ്റ്റ് ഡോ. റിച്ച, സിസ്റ്റർ മേട്രൺ സുഷമ യാദവ് എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു.
രോഗികളോട് അപമര്യാദയായി പെരുമാറുന്നതോ മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിക്കുന്നതോ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (മെഡിക്കൽ ആൻഡ് ഹെൽത്ത്) അമിത് കുമാർ ഘോഷ് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ചീഫ് മെഡിക്കൽ ഓഫീസർമാരോടും സേവനച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
UP
— Atulkrishan (@iAtulKrishan1) June 30, 2026
Hospital Worker Suspended After Viral Video of Alleged Abuse
Raebareli, Uttar Pradesh: A woman allegedly seen kicking and abusing a mentally challenged man inside a government hospital has been suspended after the incident went viral on social media.
According to reports,… pic.twitter.com/IUTM7vjzvB










