
ലഖ്നൗ: ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം ശേഖരിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പശുസംരക്ഷണവുമായി ബന്ധിപ്പിച്ച് പുതിയ മാതൃകയാണ് ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്നത്. ഗോമൂത്രത്തിൽ നിന്നും കാർഷിക ആവശ്യങ്ങൾക്കുള്ള ജൈവ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് ബുലന്ദ്ഷഹറിൽ തുടക്കമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്.
ബുലന്ദ്ഷഹറിലെ ശ്യാന തഹസീലിന് കീഴിലുള്ള നർസൈന ഗ്രാമത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് 15 ഗ്രാമങ്ങളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഒരു ലിറ്റർ ഗോമൂത്രത്തിന് 10 രൂപയാണ് കർഷകർക്ക് നൽകുന്നത്. ഇത് ഭാവിയിൽ 20 രൂപയായി ഉയർത്താനാണ് പദ്ധതി.
പ്രതിദിനം 500 ലിറ്റർ ശേഖരണം
ഗ്രാമങ്ങളിൽ തന്നെ സംഭരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചതോടെ കർഷകർക്ക് ഗോമൂത്രം എളുപ്പത്തിൽ കൈമാറാൻ കഴിയുന്നുണ്ട്. നിലവിൽ പ്രതിദിനം ഏകദേശം 500 ലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. ഇതിനായി 200 ലിറ്റർ ശേഷിയുള്ള ടാങ്കുകളും വിവിധ ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഗ്രാമീണ സ്ത്രീകൾക്കും വരുമാനമാർഗം തുറന്നിട്ടുണ്ട്. ഗോമൂത്ര ശേഖരണത്തിൽ സഹായിക്കുന്ന സ്ത്രീകൾക്ക് ലിറ്ററിന് രണ്ട് രൂപ വീതം കമ്മീഷൻ നൽകും. ഏകദേശം 300 സ്ത്രീകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ തൊഴിലാളികളായി മാത്രം പരിഗണിക്കാതെ പദ്ധതിയുടെ ഷെയർഹോൾഡർമാരാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
ജൈവവളവും കീടനാശിനിയും നിർമിക്കും
ശേഖരിക്കുന്ന ഗോമൂത്രത്തിൽ വിവിധ ഔഷധസസ്യങ്ങൾ ചേർത്ത് കൃഷിയിടങ്ങളിൽ ഉപയോഗിക്കാവുന്ന ജൈവവളങ്ങളും ജൈവ കീടനാശിനികളും നിർമിക്കാനാണ് പദ്ധതി. സഹകരണ സംഘങ്ങളുടെയും പ്രാദേശിക സമിതികളുടെയും സഹായത്തോടെ ഇവ കർഷകരിലേക്ക് എത്തിക്കും.
രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ജൈവകൃഷിക്ക് പ്രോത്സാഹനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. പശുക്കളിൽ നിന്ന് പാലുൽപ്പാദനം ലഭിക്കാത്ത ഘട്ടത്തിലും അവയെ പരിപാലിക്കുന്നത് കർഷകർക്ക് സാമ്പത്തികമായി പ്രയോജനകരമാക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
പൈലറ്റ് പദ്ധതി വിജയകരമായാൽ ഉത്തർപ്രദേശിലെ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ഗോ സേവാ ആയോഗിന്റെ തീരുമാനം. കർഷകർക്ക് അധികവരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണവും പശുസംരക്ഷണത്തിന് പുതിയ വരുമാന മാതൃകയും സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.










