
ജലദോഷത്തിന് ചികിത്സയായി അഞ്ച് വയസുകാരന് ഡോക്ടർ സിഗരറ്റ് വലിക്കാൻ നൽകിയത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ജലൗണിൽ ആണ് സംഭവം. അഞ്ച് വയസ്സുള്ള ആൺകുട്ടിയെയാണ് ജലദോഷത്തിനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടർ സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കുത്തൗണ്ടിലെ സെൻട്രൽ ഹെൽത്ത് സെന്ററിൽ നിയമിതനായ ഡോക്ടർ സുരേഷ് ചന്ദ്രയാണ് സിഗരറ്റ് വലിക്കാൻ കുട്ടിയെ നിർബന്ധിച്ചത്. കുട്ടിയോട് ഒരു സിഗരറ്റ് വായിൽ വയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അയാൾ സിഗരറ്റ് കത്തിച്ച് ആൺകുട്ടിയോട് പലതവണ വലിച്ച് പുക വിടാൻ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതിന് പിന്നാലെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഡോക്ടർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. കുറ്റാരോപിതനായ ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി, അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു.











