05:21am 13 October 2026
NEWS
450 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു; 215 സർക്കാർ ആശുപത്രികളിൽ 1252 ഉപകരണങ്ങൾ നശിക്കുന്നു
12/10/2026  09:33 AM IST
nila
450 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു; 215 സർക്കാർ ആശുപത്രികളിൽ 1252 ഉപകരണങ്ങൾ നശിക്കുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നു. ആവശ്യകതയും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താതെ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളാണ് വെറുതെ കിടന്ന് നശിക്കുന്നത്. സംസ്ഥാനത്തെ 215 ആശുപത്രികളിലായി 1252 ഉപകരണങ്ങളാണ് ഇത്തരത്തിൽ പൊടിപിടിക്കുന്നത്. ഇതിൽ 222 എണ്ണം ഇതുവരെ സ്ഥാപിച്ചിട്ടുപോലുമില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് ഉപകരണങ്ങളിൽ ഏറെയും വാങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

വെന്റിലേറ്ററുകൾ മുതൽ ഡയാലിസിസ് യന്ത്രങ്ങളും എക്സ്റേ മെഷീനുകളും വരെയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. 27 ആശുപത്രികളിലായി വിതരണം ചെയ്ത 198 വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കുന്നില്ല. 98 ഹൈ ഫ്ലോ നേസൽ കാനുലകൾ, 98 മൾട്ടിപാര മോണിറ്ററുകൾ, 40 സിപാപ് യന്ത്രങ്ങൾ, നൂറിലേറെ സിറിഞ്ച് പമ്പുകൾ എന്നിവയും ഉപയോഗമില്ലാതെ കിടക്കുന്നു.

ഉപയോഗിക്കാത്ത ഉപകരണങ്ങൾ കൂടുതൽ മലപ്പുറത്ത് 

ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നത് മലപ്പുറത്താണ്. ഇവിടെ 240 ഉപകരണങ്ങളാണ് പ്രവർത്തനരഹിതമായി തുടരുന്നത്. തിരുവനന്തപുരം ജില്ലയിൽ 163 എണ്ണവും തൃശ്ശൂരിൽ 151 എണ്ണവും എറണാകുളത്ത് 134 എണ്ണവും കൊല്ലത്ത് 110 എണ്ണവും ഉപയോഗിക്കപ്പെടുന്നില്ല. എറണാകുളം ആലുവ ജില്ലാ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വെറുതേയുള്ളത്; 100 എണ്ണം.

കോവിഡ് കാലത്ത് വാങ്ങിയ 592 ഉപകരണങ്ങളും ഉപയോഗമില്ലാതെ

ഉപയോഗിക്കാത്ത ഉപകരണങ്ങളിൽ 592 എണ്ണം കോവിഡ് കാലത്ത് ആശുപത്രികളിലെത്തിച്ചതാണ്. പിന്നീട് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതായതും ഐസൊലേഷൻ വാർഡുകൾ നിർത്തലാക്കിയതും ഇവ ഉപയോഗിക്കാതാകാൻ കാരണമായി. ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ 14 ആശുപത്രികളിലായി 130 ഉപകരണങ്ങൾ ഉപയോഗശൂന്യമായി.

ജീവനക്കാരും കെട്ടിടസൗകര്യങ്ങളും ഒരുക്കിയില്ല

ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള കെട്ടിടസൗകര്യങ്ങൾ ഒരുക്കാതെയുമാണ് പല ആശുപത്രികളിലും ഇവ എത്തിച്ചതെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം മൂന്നുവർഷമായി അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഇവിടെ 32 ഉപകരണങ്ങൾ ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്.

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ ഓപ്പറേഷൻ തിയേറ്ററും ഐസിയുവും ഇല്ലാത്തതിനാൽ 39 ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഏഴ് ഡയാലിസിസ് യന്ത്രങ്ങൾ മലിനജല സംസ്കരണ സംവിധാനമില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാകുന്നില്ല.

കൊല്ലം ജില്ലാ ടിബി സെന്ററിലെ എക്സ്റേ യന്ത്രവും സമാനമായ അവഗണന നേരിടുകയാണ്. ആവശ്യമായ ത്രീഫേസ് വൈദ്യുതി കണക്‌ഷൻ ഇല്ലാത്തതിനാൽ ആറുവർഷമായി യന്ത്രം ഉപയോഗിച്ചിട്ടില്ല.

25 വർഷമായി ഉപയോഗിക്കാത്ത എക്സ്റേ യന്ത്രം

സംസ്ഥാനത്ത് 372 ഉപകരണങ്ങൾ അഞ്ചുവർഷമോ അതിലധികമോ കാലമായി ഉപയോഗിക്കാതെ കിടക്കുന്നു. എറണാകുളം പല്ലാരിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിലെ എക്സ്റേ യന്ത്രം 25 വർഷമായി പ്രവർത്തിപ്പിച്ചിട്ടില്ല. യന്ത്രം സ്ഥാപിച്ച കെട്ടിടം അനുയോജ്യമല്ലെന്നതാണ് കാരണം.

മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഒരു ഐസിയു വെന്റിലേറ്റർ 15 വർഷമായി ഉപയോഗിക്കുന്നില്ല. വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ 12 വർഷമായി ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടക്കുന്നില്ല. ഇതിനായി വാങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്.

ആവശ്യത്തിന് അധികമായി ഉപകരണങ്ങൾ വാങ്ങി

ആശുപത്രികളിലെ ആവശ്യങ്ങൾ വിലയിരുത്താതെയാണ് ചില ഉപകരണങ്ങൾ വീണ്ടും വാങ്ങിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻകുബേറ്ററും വാട്ടർബാത്തും ഉൾപ്പെടുന്ന ബയോകെമിസ്ട്രി അനലൈസറുകൾ നിലവിലുണ്ടായിരിക്കെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് 53 വാട്ടർബാത്തുകളും 41 ലാബ് ഇൻകുബേറ്ററുകളും അധികമായി എത്തിച്ചു.

വൻതുക ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത് ആരോഗ്യവകുപ്പിന്റെ ആസൂത്രണത്തെയും വാങ്ങൽ നടപടികളെയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img