06:17pm 09 January 2026
NEWS
തൊട്ടുകൂടായ്മ നാണയം; പുത്തൻ പാർലമെന്റ് മന്ദിരത്തിന് രാജ്യത്തെ പിന്നാക്കക്കാരന്റെ സമ്മാനം
18/07/2022  04:42 PM IST
Maya
തൊട്ടുകൂടായ്മ നാണയം; പുത്തൻ പാർലമെന്റ് മന്ദിരത്തിന് രാജ്യത്തെ പിന്നാക്കക്കാരന്റെ സമ്മാനം
HIGHLIGHTS

പത്തടി ഉയരമുള്ള ഈ വെങ്കലപ്രതിമയ്ക്ക് ആയിരം കിലോ ഭാരമുണ്ട്

ന്യൂഡല്‍ഹി: തൊട്ടുകൂടായ്മ രഹിത ഭാരതമെന്ന 1947ലെ ദളിതന്റെ സ്വപ്‌നം 2047ല്‍ എങ്കിലും യാഥാര്‍ത്ഥ്യമാകുമോ എന്നത് ഗൗരവത്തോടെ കാണേണ്ടുന്ന ഒരു ചോദ്യമാണ്.ലക്ഷക്കണക്കിന് ദളിതുകളുടെ ഈ ചോദ്യം ആലേഖനം ചെയ്ത വെങ്കല നാണയമാണ് പുത്തന്‍ പാര്‍ലമെന്റിനുള്ള രാജ്യത്തെ പിന്നാക്കക്കാരുടെ സമ്മാനം. 

പത്തടി ഉയരമുള്ള ഈ നാണയം ആയിരം കിലോ ഭാരമുണ്ട്. 2,047 മില്ലി മീറ്ററാണ് ഇതിന്റെ വ്യാസം. ഗുജറാത്തിലും മറ്റിടങ്ങളിലുമുള്ള ദളിതര്‍ സംഭാവന നല്‍കിയ വെങ്കലമുപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

ഗുജറാത്തിലെ ദളിതുകകളുടെ നേതാവായ മാര്‍ട്ടിന്‍ മക്വാന്‍ നേതൃത്വം നല്‍കുന്ന നവ്‌സര്‍ജന്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ഈ നാണയം തയാറാക്കിയിരിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും ഹരിയാനയിലും നിന്നുള്ള നൂറ് കണക്കിന് പിന്നാക്കക്കാര്‍ ചേര്‍ന്ന  ട്രെയിന്‍മാര്‍ഗം ഇത് ഡല്‍ഹിയില്‍ എത്തിക്കും. പുത്തന്‍ പാര്‍ലമെന്റിന്റെ മുഖപ്പ് ഇതാക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അടുത്തമാസം ഒന്ന് മുതല്‍ ഏഴ് വരെ ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലൂടെ നടത്തുന്ന ട്രെയിന്‍ യാത്രയിലൂടെ ഇത് ഡല്‍ഹിയില്‍ എത്തിക്കും. ഇതിനായി നൂറ് കണക്കിന് ദളിതര്‍ തങ്ങളുടെ യാത്രാടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. 

രാഷ്ട്രപതിക്കും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കും ഉപരാഷ്ട്രപതിക്കും കത്ത് നല്‍കുമെന്നും മാര്‍ട്ടിന്‍ അറിയിച്ചു. മൂന്ന് കിലോ ഭാരമുള്ള ചെറു നാണയങ്ങള്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പുത്തന്‍ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ പ്രധാനമാണ് തൊട്ടുകൂടായ്മ എന്ന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. അംബേദ്ക്കറുടെ സ്മരണയ്ക്കായി ഭിം രുദാന്‍ എന്നാണ് തങ്ങളുടെ യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേരെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഒരു രൂപയുടെയും അതില്‍ താഴെയുള്ള നാണയങ്ങളുടെയും സംഭാവനകള്‍ സ്വീകരിച്ചാണ് ഈ നാണയം ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ആറര ലക്ഷം രൂപയുടെ നാണയം സംഭാവനയായി ലഭിച്ചു. ഇവയെല്ലാം ഉരുക്കിയെടുത്താണ് ഈ ഭീമന്‍ നാണയം നിര്‍മ്മിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ വിശ്വരഞ്ജനും ബല്ലുവും ചേര്‍ന്നാണ് ഈ നാണയം നിര്‍മ്മിച്ചത്. 

തങ്ങള്‍ ഒരു ചലച്ചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്. ഇത് അടുത്ത കൊല്ലം പുറത്തിറക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നാണയത്തിന്റെ ഒരു പുറത്ത് അംബേദ്ക്കറും മറുപുറത്ത് ബുദ്ധനും ഉണ്ടാകും. പതിനഞ്ച് വ്യത്യസ്ത ഭാഷകളില്‍ ഇതില്‍ തൊട്ടുകൂടായ്മ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. തങ്ങള്‍ വരുന്നത് സംബന്ധിച്ച് ആഗമനോദ്ദേശ്യം സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിനെ ഇവര്‍ അറിയിച്ചിട്ടുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img