
ദോഹ:ഉപയോഗത്തിലില്ലാത്ത വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നതിനൊപ്പം പ്ലഗ് പോയിന്റിൽ നിന്ന് ഊരിയിടണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി ഖത്തർ ജനറൽ ഇലക്റ്റ്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ). ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെങ്കിലും പ്ലഗ് ഇൻ ചെയ്തു വെക്കുന്നത് വഴി 'സ്റ്റാൻഡ്ബൈ പവർ' ഉപയോഗിക്കപ്പെടുകയും, അത് മൊത്തം വൈദ്യുതി ഉപഭോഗത്തിൽ 10 ശതമാനം വരെ വർദ്ധനവിന് കാരണമാവുകയും ചെയ്യുമെന്ന് കഹ്‌റമ മുന്നറിയിപ്പ് നൽകി.
ചെറിയ ചില നല്ല ശീലങ്ങളിലൂടെ വൻതോതിൽ വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.ടിവി, മൈക്രോവേവ്, ചാർജറുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗ ശേഷം പൂർണ്ണമായും അൺപ്ലഗ് ചെയ്യുക.ഉപകരണം പ്രവർത്തിച്ചില്ലെങ്കിലും വൈദ്യുതി കണക്ഷൻ നിലനിൽക്കുന്നത് വഴി ആവശ്യമില്ലാതെ വൈദ്യുതി പാഴായിപ്പോകുന്നതായും കഹറാമ മുന്നറിപ്പ് നൽകുന്നു.ഉപഭോഗം കുറയ്ക്കുന്നതിലൂടെ പ്രതിമാസ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നും, ഊർജ്ജ സംരക്ഷണത്തിനായി ഇത്തരം എളുപ്പമുള്ള മാർഗ്ഗങ്ങൾ ശീലമാക്കണമെന്നും പൊതുജനങ്ങളോട് കഹ്‌റമ അഭ്യർത്ഥിച്ചു.











