07:55pm 18 April 2026
NEWS
ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറ്
17/10/2025  02:26 PM IST
nila
ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറ്

ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറ്.  റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്.  ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരേ ചെരിപ്പ് എറിഞ്ഞത്. 

അതേസമയം, ഈ മാസം 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡിയിൽ വിട്ടത്. രഹസ്യമായായിരുന്നു കോടതി നടപടികൾ. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകൻ, അന്വേഷണ ഉദ്യോഗസ്ഥർ, കോടതിയിലെ പ്രധാന ജീവനക്കാർ എന്നിവർ മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്. അഭിഭാഷകനായ ലെവിൻ തോമസാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മാധ്യമ പ്രവർത്തകരോട് പുറത്തിറങ്ങാൻ നിർദേശമുണ്ടായിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരേയും കോടതിയിൽ നിന്ന് മാറ്റിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു തീരുമാനം.

 ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ രണ്ട് കിലോ സ്വർണം കൈവശപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്. ദ്വാരപാല ശിൽപങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം രണ്ടു കിലോ ഗ്രാം തൂക്കം വരുന്ന സ്വർണം പതിച്ച ചെമ്പ് തകിടുകൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വർണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടർന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വർണം മാത്രം പൂശിയ ശേഷം ബാക്കി സ്വർണം കൈക്കലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

ശേഷം ദ്വാരപാലകശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img