
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ബിജെപി നേതാക്കളായ കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെയും മുൻ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്റെയും ഒപ്പമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടി വിയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ബംഗളൂരു ജാലഹള്ളിയിലെ അയ്യപ്പക്ഷേത്രത്തിൽ സ്വർണ്ണവാതിലുകൾ സമർപ്പിച്ച ചടങ്ങിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ബിജെപി നേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. 2020 ജനുവരിയിലായിരുന്നു ചടങ്ങ്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയും കർണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും മണിക്കൂറുകളോളം ചടങ്ങിൽ സാന്നിധ്യമുണ്ടായിരുന്നു. 2020–21 കാലഘട്ടത്തിൽ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതിന് മുൻപേ തന്നെ കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികളിലെ നേതാക്കളുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്, സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിരവധി തവണ സന്ദർശനം നടത്തിയെന്നും ആരോപണമുണ്ട്. ആദ്യ സന്ദർശനത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാമും ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഡിഗ്രിക്ക് റാങ്ക് നേടിയ പോറ്റിയുടെ അമ്മാവന്റെ മകൾക്ക് കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകുന്ന ചിത്രവും അടുത്തിടെ പുറത്തുവന്നിരുന്നു.
യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പോറ്റി സ്പോൺസർ ചെയ്ത സദ്യ ഉദ്ഘാടനം ചെയ്യാൻ അടൂർ പ്രകാശ് ശബരിമലയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. 2017 ജനുവരി ഒന്നിന് നടന്ന സദ്യ ഉദ്ഘാടനം ചെയ്തത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനായിരുന്നു. ഒരിക്കൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ പോയിട്ടുണ്ടെന്ന കാര്യം അടൂർ പ്രകാശ് തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇതെല്ലാം കൂടാതെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സോണിയ ഗാന്ധിയുടെ കൈയിൽ ചരട് കെട്ടികൊടുക്കുന്ന ദൃശ്യമാണ് നിയമസഭയിൽ പോലും ഭരണ–പ്രതിപക്ഷ വാക്പോരിന് ഇടയാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുകൾ ശബരിമല സ്വർണക്കൊള്ള കേസിന് പുതിയ രാഷ്ട്രീയ മാനങ്ങൾ നൽകുകയാണ്.











