
ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം. ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്.
പോറ്റിയെ മാലയിട്ടാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. പൂജാകർമങ്ങളിൽ പങ്കെടുക്കുന്നതിനായി 20 ദിവസത്തേക്കാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ബെംഗളൂരുവിലെത്തിയത്.
എന്നാൽ പോറ്റിക്ക് നൽകിയ സ്വീകരണവുമായി ക്ഷേത്രത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. സംഭവത്തിൽ പ്രതികരിക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയും തയ്യാറായില്ല.
രമേഷ് റാവുവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടുന്നതിനുള്ള നടപടികൾക്ക് സഹായം നൽകിയതും രമേഷ് റാവുവാണെന്നാണ് വിവരം. ശബരിമലയിൽ നിന്ന് ദ്വാരപാളികളും വാതിൽപ്പാളിയും ഏറ്റുവാങ്ങിയത് രമേഷ് റാവുവിന്റെ നേതൃത്വത്തിലായിരുന്നു.
രമേഷ് റാവുവിന്റെ വീട്ടിൽ പൂജ നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ക്ഷേത്രത്തിലെത്തിയത്.










