06:06pm 09 November 2026
NEWS
വിവാദങ്ങളുടെ നടുവിലെ ഉണ്ണി മുകുന്ദൻ
30/05/2025  06:14 AM IST
സുരേഷ് വണ്ടന്നൂർ
വിവാദങ്ങളുടെ നടുവിലെ ഉണ്ണി മുകുന്ദൻ

ഒരു സാധാരണ മലയാളി കുടുംബത്തിൽ നിന്ന് വന്ന് സിനിമയിൽ സ്വന്തം സ്ഥാനം നേടിയെടുത്ത ഒരാളാണ് ഉണ്ണി. ചെറുപ്പത്തിൽ തന്നെ സിനിമയായിരുന്നു അവന്റെ വലിയ സ്വപ്നം. അതിനായി ഒരുപാട് കഷ്ടപ്പെട്ടു. ഓഡിഷനുകളിൽ പങ്കെടുത്തു, ചിലപ്പോൾ പരിഹാസങ്ങൾ കേട്ടു, അവഗണനകൾ സഹിച്ചു. ഒടുവിൽ സിനിമ അവനെ കൈ നീട്ടി സ്വീകരിച്ചു. നായകനായും വില്ലനായും ഉണ്ണി തിളങ്ങി. വലിയ നടനാകാൻ ഒരുങ്ങുന്നതിനിടെ പല വിവാദങ്ങളും ഉണ്ണിയുടെ പേരിൽ ഉണ്ടായി. ചിലതൊക്കെ പോലീസ് കേസുകളായി മാറി.
അടുത്തിടെ ഉണ്ടായ ഒരു സംഭവമാണ് ഉണ്ണിയുടെ മുൻ മാനേജർ വിപിൻ കുമാർ നൽകിയ പരാതി. ഉണ്ണി തന്നെ തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് വിപിൻ പറയുന്നത്. കാക്കനാട്ടെ ഉണ്ണിയുടെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഉണ്ണി മർദ്ദിച്ചെന്നും, തനിക്ക് കിട്ടിയ കൂളിംഗ് ഗ്ലാസ് നിലത്തിട്ട് പൊട്ടിച്ചെന്നും വിപിൻ പരാതിപ്പെട്ടു. മറ്റൊരാൾ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നും, ടൊവിനോയുടെ സിനിമയെ പ്രശംസിച്ച് താൻ പോസ്റ്റിട്ടതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നും വിപിൻ പറയുന്നു. ഈ സംഭവത്തിൽ കൊച്ചി ഇൻഫോപാർക്ക് പോലീസ് ഉണ്ണിക്കെതിരെ കേസെടുത്തു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ഉണ്ണി നിഷേധിച്ചു. വിപിൻകുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ പ്രതികാരമാണ് ഈ കേസെന്നും, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉണ്ണി പറഞ്ഞു.
ഈ സംഭവം സിനിമാലോകത്ത് വലിയ ചർച്ചയായി. ഉണ്ണി തന്നെ വിശദീകരണവുമായി രംഗത്തെത്തി. വിപിൻ തന്റെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിൽ പല വ്യാജപ്രചാരണങ്ങളും നടത്തിയെന്നാണ് ഉണ്ണി പറയുന്നത്. താൻ അഞ്ചുവർഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വിപിൻ പലരെയും തെറ്റിദ്ധരിപ്പിച്ചു. മനുഷ്യത്വരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. ഒരു നടിയെ കണ്ട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് വലിയ വഴക്കിന് കാരണമായെന്നും, വിപിൻ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി ആരോപിച്ചു.
ഈ വിഷയത്തിൽ പലരും ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തി. സംവിധായകൻ ജയൻ വന്നേരി, വിപിൻകുമാറിന് അടി കിട്ടേണ്ടതായിരുന്നു എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഉണ്ണിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ താൻ പദ്ധതിയിട്ടിരുന്നെന്നും, എന്നാൽ വിപിൻ ഇത് മുടക്കിയെന്നും അദ്ദേഹം ആരോപിച്ചു. മേജർ രവിയും ഉണ്ണിയെ പിന്തുണച്ച് സംസാരിച്ചു. ഉണ്ണി ആരെയും കയ്യേറ്റം ചെയ്തിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും പല കേസുകളിൽ നിന്നും ഉണ്ണി രക്ഷപ്പെട്ടിട്ടുണ്ട്. രണ്ടു വർഷം മുൻപ്, ഒരു യുവതി പീഡനശ്രമം ആരോപിച്ച് നൽകിയ കേസിൽ നിന്ന് ഉണ്ണി തലയൂരിയിരുന്നു. അന്ന് കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടായി. ഒടുവിൽ യുവതിയുമായി ഒത്തുതീർപ്പാക്കിയാണ് ഉണ്ണി ഈ കേസിൽ നിന്ന് രക്ഷപ്പെട്ടത്.
'മാളികപ്പുറം' സിനിമയെ വിമർശിച്ച യൂട്യൂബറെ ഉണ്ണി ഫോണിലൂടെ തെറിവിളിച്ചത് മറ്റൊരു വിവാദമായിരുന്നു. യൂട്യൂബറായ സായ്‌കൃഷ്ണയുമായി ഉണ്ണി സംസാരിച്ച അരമണിക്കൂർ വീഡിയോ വൈറലായിരുന്നു. സായ്‌കൃഷ്ണ ഉണ്ണിയെ 'സമാജം സ്റ്റാർ' എന്ന് വിളിച്ചതും പ്രകോപനത്തിന് കാരണമായി. ഈ സംഭവം പോലീസ് സ്റ്റേഷനിൽ എത്തിയില്ലെങ്കിലും, ഉണ്ണിയുടെ പേരിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരാൾ എന്നൊരു പേര് വീഴാൻ ഇത് കാരണമായി.
പ്രശസ്തരായ ആളുകൾക്ക് ചുറ്റും വിശ്വസ്തരും, വിശ്വസ്തരെന്ന് നടിക്കുന്നവരും ഉണ്ടാകും. പലപ്പോഴും സ്വന്തം ലക്ഷ്യങ്ങൾക്കായുള്ള ഓട്ടത്തിനിടയിൽ ഈ ആളുകളെ തിരിച്ചറിയാൻ താരങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. താരത്തിന്റെ പേരിൽ അവർ പല കാര്യങ്ങളും മുതലെടുക്കാൻ ശ്രമിക്കും. ഒടുവിൽ അതിനെല്ലാം ഉത്തരം പറയേണ്ടി വരുന്നത് താരത്തിനു തന്നെയാകും. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള സൂപ്പർ താരങ്ങൾ ഇത്തരം കാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടാണ് അവർക്ക് നാല്പത് വർഷത്തിലേറെയായി സിനിമയിൽ തിളങ്ങിനിൽക്കാൻ കഴിയുന്നത്. പെട്ടെന്ന് പ്രകോപിതരായി പല കെണികളിലും വീഴുന്ന യുവതാരങ്ങൾ ഈ സൂപ്പർ താരങ്ങളുടെ അർപ്പണബോധവും ജാഗ്രതയും ഒരു മാതൃകയാക്കുന്നത് നല്ലതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img