06:06am 11 February 2026
NEWS
തിരുവനന്തപുരത്തെ മസാജ് സെന്ററുകളിൽ നടക്കുന്നതെന്ത്?
09/02/2026  04:10 PM IST
nila
 തിരുവനന്തപുരത്തെ മസാജ് സെന്ററുകളിൽ നടക്കുന്നതെന്ത്?

തിരുവനന്തപുരം: ജോലി അഭിമുഖത്തിനിടെ അപമര്യാദയായ പെരുമാറ്റവും മർദനശ്രമവും ഉണ്ടായെന്ന യുവതിയുടെ പരാതിയെ തുടർന്ന് തിരുവനവന്തപുരം നഗരത്തിലെ ഒരു സ്പാ അധികൃതർ അടച്ചുപൂട്ടിയ സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ‘സ്പർശൻ വെൽനെസ് സ്പാ’യിൽ ജോലി തേടിയെത്തിയ 23-കാരിയാണ് മേയർ വി വി രാജേഷിനോട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് സ്പായിൽ അധികൃതർ പരിശോധന നടത്തിയത്. 

അഭിമുഖത്തിനിടെ കസ്റ്റമറെ കാണിക്കാനെന്ന പേരിൽ ഫോട്ടോ ആവശ്യപ്പെട്ടതായും, അത് നൽകാൻ വിസമ്മതിച്ചതോടെ സ്പാ നടത്തിപ്പുകാർ കൈയേറ്റത്തിന് ശ്രമിച്ചതായും യുവതി പറഞ്ഞു. ഫോട്ടോ നൽകിയാലേ ജോലി നൽകൂവെന്ന നിലപാടിലായിരുന്നു സ്പായുടെ നടത്തിപ്പുകാരെന്നും യുവതി മേയർ വി.വി.രാജേഷിനെ ഫോണിൽ അറിയിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ ആരോഗ്യ–സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. രണ്ടുമുറികളുള്ള സ്ഥാപനത്തിൽ ഒരു ഭാഗത്തിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. മസാജ് ചെയ്യുന്ന ജീവനക്കാരുടെ യോഗ്യത തെളിയിക്കുന്ന രേഖകളോ, ജീവനക്കാരുടെ വിവരങ്ങളോ പരിശോധനയിൽ ലഭിച്ചില്ല. പാങ്ങോട് സ്വദേശി മനോഹരന്റെ പേരിലാണ് ലൈസൻസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും, ജീവനക്കാർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവതി അറിയിച്ചു. അതേസമയം, നഗരത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്പാകൾക്കെതിരെ സമാന പരാതികൾ ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.

മസാജിങ് സെന്ററുകളുടെ മറവിൽ അനാശാസ്യവും ലഹരി ഇടപാടുകളും

അനധികൃത തിരുമ്മു ചികിത്സാ കേന്ദ്രങ്ങൾ മസാജിങ് സെന്ററുകളായി പ്രവർത്തിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്ന് കച്ചവടവും നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കുന്നത്. നഗരത്തിലും കോവളം, വർക്കല, വിഴിഞ്ഞം മേഖലകളിലുമായി ഇത്തരം സ്ഥാപനങ്ങൾ വ്യാപകമാണെന്നും ചിലത് ഗുണ്ടാസംഘങ്ങളുടെ സംരക്ഷണത്തിലാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഡോക്ടർമാരുടെ പേരുള്ള ബോർഡുകൾ സ്ഥാപിച്ചും, ആയുർവേദ കേന്ദ്രങ്ങൾ എന്ന നിലയിൽ വർഷങ്ങളായി പ്രവർത്തിച്ചും വരുന്ന ചില സ്ഥാപനങ്ങളിൽ, ഇടപാടുകാർക്ക് സ്ത്രീകളെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടെന്നാണ് വിവരം. മസാജിങ്ങിന് പുറമേ പണം അനുസരിച്ച് ‘അധിക സേവനങ്ങളും’ നൽകുന്നുവെന്നാണ് അന്വേഷണങ്ങളിൽ പുറത്തുവരുന്നത്. പൊലീസ് റെയ്ഡിൽ നിന്ന് രക്ഷപ്പെടാൻ പിൻവാതിലുകളും എസ്‌കേപ്പ് റൂട്ടുകളും ഒരുക്കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ക്രോസ് മസാജിങ് നിയമവിരുദ്ധം: മേയർ

നഗരത്തിലെ നിരവധി സ്പാകളിൽ ക്രോസ് മസാജിങ് നടക്കുന്നതായും ഇത് നിയമവിരുദ്ധമാണെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ, അംഗീകൃത മാസിയർമാരില്ലാത്ത മസാജിങ്, ലൈംഗിക ഇടപാടുകൾ, ലഹരി വ്യാപാരം എന്നിവയ്ക്ക് ഒരു പരിധിവരെ ഈ കേന്ദ്രങ്ങൾ വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വളർച്ചയെ എതിർക്കുന്നില്ലെങ്കിലും ജനങ്ങളുടെ സുരക്ഷ, സാമൂഹിക മൂല്യങ്ങൾ, പൈതൃകം എന്നിവയിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രേഖകൾ, ലൈസൻസ്, ജീവനക്കാരുടെ യോഗ്യത, പ്രവർത്തന പരിധി തുടങ്ങിയവ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img