
ഇന്ത്യയിലെ വിവിധ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദമാകുന്ന പുതിയ ആന്റിവെനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹകരണത്തോടെയാണ് നിർണായക നേട്ടം കൈവരിച്ചത്.
സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ മൂർഖൻ പാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആന്റിവെനത്തിന് ശേഷിയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. നിലവിൽ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷത്തിനെതിരെ ഒരുപോലെ പ്രവർത്തിക്കുന്ന ആന്റിവെനം ലഭ്യമല്ലെന്നതാണ് പുതിയ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
എലികളിൽ നടത്തിയ മൂന്ന് ഘട്ട പരീക്ഷണങ്ങളിലും പുതിയ ആന്റിവെനം വിജയകരമായ ഫലം നൽകി. മനുഷ്യരിലെ ഉപയോഗത്തിന് മുമ്പ് കൂടുതൽ പരീക്ഷണങ്ങളും സുരക്ഷാ പരിശോധനകളും ആവശ്യമായിരിക്കുമെങ്കിലും, പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ പുതിയ കണ്ടെത്തൽ നിർണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ ഏകദേശം 310 ഇനം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ഇനങ്ങൾ മാരകവിഷമുള്ളവയാണ്. രാജ്യത്ത് പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ ഫലപ്രദവും വ്യാപകമായി ഉപയോഗിക്കാവുന്നതുമായ ആന്റിവെനത്തിന്റെ വികസനം ഏറെ പ്രധാനപ്പെട്ടതാണ്.










