10:13pm 20 August 2026
NEWS
കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും.
20/08/2026  03:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ  കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ 'യൂണിവേഴ്‌സൽ ബോസ്' നേരിട്ടെത്തുന്നത്.
ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരം. ഈ ആവേശപ്പോരാട്ടം നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമായി ക്രിസ് ഗെയ്ൽ സ്റ്റേഡിയത്തിലെത്തും.
 കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് ആസ്വദിക്കുകയും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തങ്ങളുടെ പൂർണ പിന്തുണ നൽകുകയും ചെയ്യണമെന്ന് ടീം അഭ്യർത്ഥിച്ചു. ആരാധകരുടെ ആവേശകരമായ പിന്തുണ ടീമിന്റെ വിജയത്തിന് കൂടുതൽ കരുത്തുപകരുമെന്നും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അറിയിച്ചു.  
ക്രിസ് ഗെയ്ൽ കൊച്ചി ടീമിനൊപ്പം ചേരുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. അദ്ദേഹം എന്നാണ് സ്റ്റേഡിയത്തിലേക്ക് എത്തുക എന്ന ചോദ്യങ്ങൾക്കാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്, ഗാലറിയിലെ ആരാധക പിന്തുണയ്ക്കൊപ്പം ഗെയ്‌ലിന്റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി കരുത്താകും. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ അദ്ദേഹം സ്റ്റേഡിയത്തിൽ നേരിട്ടെത്തുന്നതിലൂടെ  കെ.സി.എൽ മൂന്നാം സീസണിന്  ആഗോളശ്രദ്ധ ലഭിക്കുമെന്നതിൽ സംശയമില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img