
കൊച്ചി: രാജ്യത്തിന് വേണ്ടി ജീവൻ തൃണവൽഗണിച്ച് സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ സൈനികരെ ആദരിക്കാനും അവരുടെ സേവനങ്ങൾ അംഗീകരിക്കാനും സതേൺ നേവൽ കമാൻഡിൽ ആംഡ് ഫോഴ്സസ് വെറ്ററൻസ് ദിനാചരണം സംഘടിപ്പിച്ചു.
കര, വ്യോമ, നാവിക സേനകളിലെ ഫ്ലാഗ് ഓഫീസർമാരും ഓഫീസർമാരും സേനാംഗങ്ങളും 220 ഓളം വെറ്ററൻസുമാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു.
നേവൽ കമാൻഡിലെ യുദ്ധസ്മാരകത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണയും പുഷ്പചക്രം അർപ്പിച്ചു. റിട്ട. വൈസ് അഡ്മിറൽ കെ.എൻ.സുശീൽ, റിട്ട. ലെഫ്റ്റനൻ്റ് ജനറൽ എസ്. ചാന്ദ് റിട്ട. എയർ വൈസ് മാർഷൽ പി.കെ. കുരുവിള തുടങ്ങിയവരും പുഷ്പചക്രങ്ങൾ സമർപിച്ചു. ധീരതയ്ക്കുള്ള അവാർഡുകൾ നേടിയ വെറ്ററൻസിനെ ചടങ്ങിൽ ആദരിച്ചു.റിട്ട. ക്യാപ്റ്റൻ കെ.രാജീവ് നായർ, റിട്ട. ക്യാപ്റ്റൻ മുരളീധർ നായർ, റിട്ട.കോമഡോർ എൻ.എം. ജോസഫ്, റിട്ട.ലെഫ്റ്റനൻ്റ് കോമഡോർ പി.എം: മാത്യു, സിപായി എ.നാസർ, ജോയി ജോസഫ്, മനോജ് ജേക്കബ് എന്നിവരാണ് ആദരിക്കപ്പെട്ട ഗാലൻ്ററി ജേതാക്കൾ.
നാവിക സേനാ കപ്പൽ ഐ.എൻ.എസ് സുനാന്യയിൽ വെറ്ററൻസ് സന്ദർശനം നടത്തി. പ്രശംസ ചൊരിഞ്ഞ് സുരേഷ് ഗോപി കൊച്ചി: രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വെറ്ററൻസിനെ ആദരിക്കാനും അംഗീകരിക്കാനും ദക്ഷിണ നാവിക സേന നടത്തുന്ന ശ്രമങ്ങൾ പ്രശംസാർഹമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡിഫൻസ് ഫോഴ്സസ് വെറ്ററൻസ് ദിനാചരണത്തിൻ്റെ ഭാഗമായി നേവൽ ബെയ്സിൽ പുഷ്പചക്രം അർപ്പിച്ച ശേഷം വെറ്ററൻസുമാരുടെ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെറ്ററൻസിൻ്റെ ക്ഷേമത്തിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Photo Courtesy - Google








