02:05am 05 June 2026
NEWS
പെട്രോൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽപ്പോലും ഇന്ധനവില വർധിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
04/06/2026  12:50 PM IST
NILA
 പെട്രോൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽപ്പോലും ഇന്ധനവില വർധിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ധനവില ഉയർന്നത് ആരുടെയെങ്കിലും ഇഷ്ടാനുസരണം എടുത്ത തീരുമാനമല്ലെന്നും ആഗോള സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധവും അന്താരാഷ്ട്ര പ്രതിസന്ധികളും മൂലം ലോകമെമ്പാടും ഇന്ധനവിലയിൽ സമ്മർദമുണ്ടായിട്ടുണ്ടെന്നും അതിന്റെ സ്വാധീനം ഇന്ത്യയിലും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ ഇന്ധനവില കൂടിയത് എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരിഹാസം

ലോകവ്യാപകമായി നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ മാറിയാൽ മാത്രമേ ഇന്ധനവിലയിൽ ആശ്വാസം പ്രതീക്ഷിക്കാനാകൂവെന്നും വില കുറയ്ക്കാനുള്ള സാഹചര്യം ഉണ്ടായാൽ കേന്ദ്ര സർക്കാർ അതിന് തയ്യാറാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ വീടുകളിലേക്കും പാചകവാതകം എത്തിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും നിലവിലെ വിലവർധന സ്വാഭാവിക സാമ്പത്തിക സാഹചര്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽപ്പോലും ഇന്ധനവില വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് നാലാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. ഏറ്റവും പുതിയ വർധന പ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയും കൂടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img