02:14pm 16 October 2026
NEWS
പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി; കർണാടകത്തിലെ ഒളിക്യാമറ വിവാദത്തിന് തീപ്പിടിക്കുന്നു..
16/10/2026  12:13 PM IST
വിഷ്ണുമംഗലം കുമാർ
പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി; കർണാടകത്തിലെ ഒളിക്യാമറ വിവാദത്തിന് തീപ്പിടിക്കുന്നു

ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആ പദവിയിൽ നിന്നിറക്കിയത് ഒളി ക്യാമറ ഓപ്പറേഷനിലൂടെയാണെന്ന് തുറന്നടിച്ചത് കേന്ദ്രമന്ത്രിയും ജെഡിഎസ്‌ നേതാവുമായ കുമാരസ്വാമിയാണ്. അത് വൻ വിവാദമായി കർണാടകത്തെ പ്രകമ്പനം കൊള്ളിച്ചു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിനകത്ത് ആഭ്യന്തര സംഘർഷം രൂക്ഷമായി. സിദ്ധരാമയ്യ ആ ആരോപണം ശരിവെക്കുകയും താൻ ഉൾപ്പെടുന്ന അപമാനകരമായ വിഡിയോയുടെ പ്രചരണം തടഞ്ഞുകൊണ്ട് കോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. കോൺഗ്രസിലെ പ്രബലമായ അഹിന്ദ വിഭാഗത്തോടൊപ്പം പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും സിദ്ധരാമയ്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്നത് കൗതുകകാഴ്ചയായി. ചില മന്ത്രിമാർക്കെതിരെ ഒളി ക്യാമറ ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്നാണ് കുമാരസ്വാമി വെടി പൊട്ടിച്ച് വിവാദത്തിന്റെ ഗതി മാറ്റിയത്. ആ വിവാദത്തിന്റെ വിശദാംശങ്ങൾ കുമാരസ്വാമി പുറത്തുവിട്ടുകൊണ്ടിരിക്കെയാണ് ജെഡിഎസിന്റെ ഐ ടി വിഭാഗം കൈകാര്യം ചെയ്യുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആ നീക്കം കുമാരസ്വാമിയെ പ്രകോപിക്കുകയും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രിയെയും അദ്ദേഹം അതിനിശിതമായി വിമർശിക്കുകയും സംസ്ഥാന ത്തിന് നാണക്കേട് ഉണ്ടാക്കിയ ഒളി ക്യാമറ ഓപ്പറേഷന്റെ ഞെട്ടിപ്പിക്കുന്ന ചരിത്രം പുറത്തുവിടുകയും ചെയ്തു.ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ രോഷാകുലനായാണ് കുമാരസ്വാമി കാണപ്പെട്ടത്. അതിനിശിതമായാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ വിമർശിച്ചത്. ഏതാനും വർഷമായി തുടരുന്ന ഒളി ക്യാമറ ഓപ്പറേഷന്റെ പിന്നിൽ ഒരു ടിവി ചാനൽ ഉടമയാണെന്ന് ആരോപിക്കുകയും അയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒളി ക്യാമറ വിവാദത്തിൽ ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടാൻ  ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയോട് ആവശ്യപ്പെട്ടു.വേണ്ടിവന്നാൽ കുമാരസ്വാമിയെയും ചോദ്യം ചെയ്യുമെന്ന് പ്രിയങ്ക് ഖാർഗെ പ്രസ്താവിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂ എന്ന് പ്രകോപിതനായ കുമാരസ്വാമി വെല്ലുവിളിച്ചു.
ഖാർഗെ ഭീരുവാണെന്ന് ആരോപിച്ച കുമാരസ്വാമി പറഞ്ഞു, "ഞാൻ അദ്ദേഹത്തെപ്പോലെ ഭീരുത്വം നിറഞ്ഞ പ്രവൃത്തികളിൽ ഏർപ്പെടുന്നില്ല. ഞാൻ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്. പോരാട്ടം ആരംഭിച്ചു കഴിഞ്ഞു."
ഒളിക്യാമറ ഓപ്പറേഷനുമായി  ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദസാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയ്ക്കൊപ്പം മറ്റുചിലരും നിൽക്കുന്ന ചിത്രങ്ങൾ കുമാരസ്വാമി പുറത്തുവിട്ടു. ഒളി ക്യാമറ ഓപ്പറേഷൻ നടത്തിയവരിൽ ഒരാൾ കുപ്രസിദ്ധ റൗഡിയാണെന്നും അയാളെ  ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.
  ബെംഗളൂരു പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഏതാനും പ്രവർത്തകരോടൊപ്പം ധർണ്ണ ഇരുന്ന കുമാരസ്വാമി ഭരണകേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചു.  പോലീസിന് തന്നെ ചോദ്യം ചെയ്യാമെന്നായിരുന്നു അദ്ദേഹംത്തിന്റെ നിലപാട്.  "ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. എന്തിനാണ് നിങ്ങൾ അവരെ അറസ്റ്റ് ചെയ്യുന്നത്? കാര്യങ്ങൾ എന്നോട് നേരിട്ട് ചോദിക്കൂ. ഞാനാണ് ആരോപണം ഉന്നയിച്ചത്. അതുകൊണ്ടാണ് ഞാൻ കമ്മീഷണറുടെ ഓഫീസിൽ വന്നിരിക്കുന്നത്," അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയും അതി രൂക്ഷ വിമർശനമാണ് കുമാരസ്വാമി ഉന്നയിച്ചത്.  "മന്ത്രിസഭാ യോഗങ്ങളിലെ രഹസ്യചർച്ചകൾ ആരാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് "അദ്ദേഹം ചോദിച്ചു.ഒളി ക്യാമറ ഓപ്പറേഷന് പിന്നിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണർ നൽകിയ ഉറപ്പിനെ തുടർന്നാണ് കുമാരസ്വാമി ധർണ്ണ അവസാനിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img