02:07am 02 October 2026
NEWS
കർണാടക മുഖ്യമന്ത്രി ഡി കെ യ്ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി
01/10/2026  11:52 AM IST
വിഷ്ണുമംഗലം കുമാർ
കർണാടക മുഖ്യമന്ത്രി ഡി കെ യ്ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ്‌  നേതാവുമായ കുമാരസ്വാമി.ഡി കെ യെ നേരിടാൻ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത് ജെഡി എസ്‌ നേതാവായ കുമാരസ്വാമിയെയാണ്. 2028 ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കുമാരസ്വാമി യായിരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. അതിന്റെ തയാറെടുപ്പിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി.   ബെംഗളൂരു–മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMIC) പദ്ധതിയുടെ ഫ്രെയിംവർക്ക് എഗ്രിമെന്റിൽ (FWA) ശിവകുമാർ മാറ്റം വരുത്തിയത് സ്വകാര്യ സ്ഥാപനങ്ങൾക്കും NICE പദ്ധതിയുടെ പ്രമോട്ടർ അശോക് ഖേനിക്കും, കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കും അനുകൂലമാകുന്ന തരത്തിലാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം.
ശിവകുമാർ സംസ്ഥാന നഗരവികസന മന്ത്രിയായിരുന്ന കാലത്താണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് കുമാരസ്വാമി ആരോപിച്ചു. ഔദ്യോഗിക രേഖകളും ഫയലുകളും ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാർത്താസമ്മേളനം.
പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം.
ആദ്യത്തെ ഔട്ട്‌ലൈൻ ഡെവലപ്‌മെന്റ് പ്ലാനിൽ (ODP) നിന്ന് വ്യതിചലിച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് വർധിപ്പിക്കുകയും റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തുകയും ചെയ്തതായി കുമാരസ്വാമി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ വിൽപ്പനയ്ക്ക് അനുവദിച്ച ഭൂമിയുടെ വിഹിതം 45 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർത്തിയതായും ഇത് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന രീതിയിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതിക്കായി നേരത്തെ വിജ്ഞാപനം ചെയ്ത ഭൂമിയിൽ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ്, മാതാവ്, മകൾ എന്നിവരുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളും കുമാരസ്വാമി ചൂണ്ടിക്കാട്ടി. ഹൊസകെരെഹള്ളിയിലെ 22 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട ഒരു സംയുക്ത സംരംഭത്തിലൂടെ  400 ഫ്ലാറ്റുകൾ വികസിപ്പിച്ചതായും അവയുടെ മൂല്യം ഏകദേശം ₹2,000 കോടി വരുമെന്നുമാണ് അദ്ദേഹം ആരോപിച്ചത്.
ഈ ആരോപണങ്ങളെ കുമാരസ്വാമി അതീവ ഗുരുതരമായി വിശേഷിപ്പിക്കുകയും, മാറ്റങ്ങൾ പിൻവലിക്കാത്ത പക്ഷം ഡി.കെ. ശിവകുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ ദേശീയപാത നിലവിലുള്ള സാഹചര്യത്തിൽ NICE പദ്ധതിയെ മൈസൂരുവിലേക്ക് നീട്ടുന്നതിന്റെ ആവശ്യകതയും അദ്ദേഹം ചോദ്യം ചെയ്തു.

കുമാരസ്വാമിയുടെ ആരോപണങ്ങൾ ഡി.കെ. ശിവകുമാർ ശക്തമായി നിഷേധിച്ചു. ആരോപണങ്ങളെ “നുണകളുടെ കെട്ടുകഥ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ കുടുംബത്തിനുള്ള ഏകദേശം ₹1,400 കോടിയുടെ സ്വത്ത് നിയമാനുസൃതമായ ബിസിനസുകളിലൂടെയും നിക്ഷേപങ്ങളിലൂടെയും നേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കുടുംബത്തിന് നിയമപരമായി ബിസിനസ് നടത്താനും സ്വത്ത് സമ്പാദിക്കാനും അവകാശമുണ്ടെന്ന് ശിവകുമാർ പറഞ്ഞു. NICE കരാറിനെക്കുറിച്ച് ഇപ്പോൾ ആരോപണമുന്നയിക്കുന്ന കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അത് റദ്ദാക്കാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, NICE പദ്ധതിയുടെ യഥാർത്ഥ കരാർ വ്യവസ്ഥകൾ, പിന്നീട് വരുത്തിയ ഭേദഗതികൾ, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് ആരോപണങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുക.  കുമാരസ്വാമിയുടെ ആരോപണങ്ങളും ശിവകുമാറിന്റെ നിഷേധവും എന്ന നിലയിലാണ് ഇപ്പോൾ വിവാദം ശക്തിപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img