
വികസിത കൊച്ചി - പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന ജോ. ട്രഷറർ എ. അനുപ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന.സെക്രട്ടറി അഡ്വ. എസ്. സജി,സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ എന്നിവർ സമീപം.
കൊച്ചി- കൊച്ചി നഗരത്തിന്റെ വികസനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കേന്ദ്രന്യൂനപക്ഷകാര്യ - ഫിഷറീസ് - ക്ഷീര മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ്ജ് കുര്യൻ അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊച്ചി നഗരത്തിന്റെ വികസനത്തിന് പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ഓഫീസിനു മുന്നിൽ ഒരുക്കിയ വികസിത കൊച്ചി - അഭിപ്രായ ബോക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്.കൊച്ചി നഗര വികസനത്തിന് ജനകീയ അഭിപ്രായം സ്വരൂപിക്കാനും അവ നടപ്പിലാക്കാനും ബിജെപിയുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ, സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, ജില്ലാ ജന.സെക്രട്ടറി എസ്. സജി എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








