
ബംഗളുരുവിൽ രണ്ടാമത്തെ ഇന്റർ നാഷണൽ എയർപോർട്ടിനെ പറ്റിയുള്ള ചർച്ച ചൂടുപിടിക്കുമ്പോൾ അതിനിടയിലേക്ക് മുമ്പുണ്ടായിരുന്ന എച്ച്എ എൽ എയർപോർട്ടും കടന്നുവരികയാണ്. 1941എൽ ബ്രിട്ടഷുകാരുടെ കാലത്ത് നിലവിൽ വന്ന എച്ച്എഎൽ എയർപോർട്ട് 1964 ൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ ഹിന്ദുസ്ഥാൻ എയറോനോറ്റിക്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാക്കപ്പെടുകയായിരുന്നു. നഗരത്തിലെ ഏക എയർപോർട്ട് ആയിരുന്നു ഇത്. 2008 ൽ നഗരത്തിൽ നിന്നും നാല്പത് കിലോമീറ്റർ അകലെ ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളം(ബി ഐ എഎൽ) വന്നതോടെ എച്ച് എഎൽ എയർപോർട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടു. അത് ഡിഫൻസിന്റെ എയർപോർട്ടായി ചുരുങ്ങി. എയർഫോഴ്‌സിന്റെ വിമാനങ്ങൾക്ക് പുറമെ വി ഐ പികളുടെ യാത്രയ്ക്കുള്ള ഏതാനും ചെറുവിമാനങ്ങൾ മാത്രമാണ് പിന്നീട് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്തത്. കമേർഷ്യൽ വിമാനങ്ങൾ സർവീസ് നടത്താൻ നിയമപരമായ തടസ്സമുണ്ടായിരുന്നു. നഗരത്തിന്റെ ധൃതഗതിയിലുള്ള വളർച്ചയിൽ നഗരമധ്യത്തിലായ എച്ച് എഎൽ എയർപോർട്ടിന് സ്ഥലപരിമിതിയുടെയും പരിസരപ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിന്റെയും പ്രശ്നങ്ങളുണ്ട്. ബി ഐഎഎല്ലിലും യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടത്തോടെയാണ് രണ്ടാമതൊരു വിമാനത്താവളം കൂടി നിർമ്മിക്കാനുള്ള നീക്കം കർണാടക ഗവണ്മെന്റ് ആരംഭിച്ചത്. സംസ്ഥാന ഗവണ്മെന്റ് കണ്ടെത്തിയ മൂന്നിടങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ വിദഗ്ദ്ധസംഘം പരിശോധിച്ചു. കേന്ദ്ര ഗവണ്മെന്റും ബി ഐ എഎല്ലും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ഉടമ്പടി പ്രകാരം ബിഐഎ എല്ലിന്റെ 150 കിലോമീറ്റർ ദൂരപരിധിയിൽ 2033 ന് ശേഷമേ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനാവൂ.ഇപ്പോഴേ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മാത്രമെ 2033 ൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാവൂ എന്നതുകൊണ്ടാണ് സംസ്ഥാന ഗവണ്മെന്റ് നടപടികൾ ആരംഭിച്ചത്. പുതിയ വിമാനത്താവളം നിർമ്മിക്കേണ്ട സ്ഥലത്തെ കുറിച്ച് ധാരണയായാലും കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിക്കാൻ കാലതാമസമെടുക്കും. അതിനിടയിലാണ് എച്ച്എഎൽ എയർപോർട്ട് വികസിപ്പിച്ചുകൂടെ എന്ന ആശയം യുവ എം പി തേജസ്വി സൂര്യ ലോകസഭയിൽ ഉയർത്തിയത്. എന്നാൽ അതിനും ബി ഐഎ എല്ലിന്റെ അനുമതി വേണമെന്ന മറുപടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി മുരളീധർ മൊറ്റൊൾ നൽകിയത്. കേന്ദ്രവും ബി ഐ എഎല്ലും പ്രായോഗിക ചിന്തയോടെ നീങ്ങിയാൽ ചിലപ്പോൾ എച്ച് എഎൽ എയർപോർട്ട് വികസിപ്പിക്കാൻ സാധിച്ചേക്കും. അപ്പോഴും സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും തടസ്സമായി അവശേഷിക്കും.
Photo Courtesy - Google











