04:37am 06 November 2026
NEWS
കേന്ദ്ര ബജറ്റിൽ കേരളത്തിന് കാലിപാത്രം

01/02/2025  02:57 PM IST
nila
കേന്ദ്ര ബജറ്റിൽ കേരളത്തിന് കാലിപാത്രം

തിരുവനന്തപുരം: ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിന് നിരാശക്ക് വഴിയൊരുക്കുന്നതാണ് കേന്ദ്രബജറ്റ്. ദീർഘകാലാവശ്യമായ എയിംസ്‌ ഉൾപ്പെടെയുള്ള കേരളത്തിന്റെ ഒരു ആവശ്യം പോലും പരി​ഗണിക്കപ്പെട്ടില്ല. ദീർഘകാലത്തേക്ക് സംസ്ഥാനങ്ങൾക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് ബജറ്റിൽ കേരളത്തിന് ആശ്വസിക്കാൻ വകയുള്ളത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അതിന് പുറമേ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സിൽവർ ലൈൻ, ദീർഘകാലാവശ്യമായ എയിംസ്‌, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റിൽ ഇവയിലൊന്നു പോലും പരി​ഗണിക്കപ്പെട്ടില്ല. 

വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, പ്രവാസികൾക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങൾക്കായി 4,500 കോടി, റബറിന് താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആർസിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാൻ 2,329 കോടി, സിൽവർലൈൻ, റാപ്പിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു റെയിൽപാതകൾക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജ് കേരളം പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന പ്രശ്നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും വിശാലാർത്ഥത്തിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ അതുമുണ്ടായില്ല. അതേ സമയം, ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി

പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികൾക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക് നൽകും. എഐ പഠനത്തിന് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തൽ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാൽ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img