
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെ ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 13ന് അവസാനിക്കും. തുടർന്ന് മാർച്ച് 10 മുതൽ ഏപ്രിൽ നാലു വരെയാണ് രണ്ടാം ഘട്ടം. സാമ്പത്തിക സർവേയും ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
ധനമന്ത്രി നിർമല സീതാരാമൻ നാളെയാണ് ബജറ്റ് അവതരിപ്പിക്കുക. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നിരുന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
പ്രയാഗ്‌രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും.











