06:27pm 24 June 2026
NEWS
യൂണിയൻ ബാങ്ക് FCNR(B) നിക്ഷേപ പലിശ 6.60% ആയി വർധിപ്പിച്ചു
24/06/2026  04:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യൂണിയൻ ബാങ്ക് FCNR(B) നിക്ഷേപ പലിശ 6.60 ശതമാനം ആയി വർധിപ്പിച്ചു

 

മുംബൈ: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്ക്  കൂടുതൽ ആകർഷകമായ നിക്ഷേപ വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ FCNR(B) നിക്ഷേപ പദ്ധതിയായ ‘യു ബി ഐ  യുനീക്‌  FCNR (B) ഡെപ്പോസിറ്റ്   സ്‌കീമിന്റെ  പലിശനിരക്കുകൾ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വന്നു.

പുതുക്കിയ നിരക്കുകൾ പ്രകാരം, 10 ലക്ഷം യുഎസ് ഡോളറിൽ താഴെയുള്ള FCNR(B) നിക്ഷേപങ്ങൾക്ക് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.10 ശതമാനം വാർഷിക പലിശയും നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.25 ശതമാനം പലിശയും അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.45 ശതമാനം പലിശയും ലഭിക്കും. അതേസമയം, 10 ലക്ഷം യുഎസ് ഡോളറോ അതിലധികമോ മൂല്യമുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.20 ശതമാനം വാർഷിക പലിശയും നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിക്ക് 6.40 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 6.60 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

FCNR(B) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഡോളർ-രൂപ സ്വാപ്പ്  ഫെസിലിറ്റിയുടെ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നടപടി. മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള പുതിയ FCNR(B) നിക്ഷേപങ്ങളും കാലാവധി പൂർത്തിയായ ശേഷം പുതുക്കുന്ന നിക്ഷേപങ്ങളും സമാഹരിക്കാൻ ബാങ്കുകൾക്ക് ഈ സംവിധാനം സഹായകമാകും.

‘യു ബി ഐ  യൂനീക് FCNR (B) Deposit Scheme’ പ്രകാരം സമാഹരിക്കുന്ന പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയായ ശേഷം പുതുക്കുന്ന അർഹമായ നിക്ഷേപങ്ങൾക്കും പുതുക്കിയ പലിശനിരക്കുകൾ ബാധകമായിരിക്കും. ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയിൽ ഒരു വർഷത്തെ ലോക്ക്-ഇൻ കാലാവധിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img