06:19pm 06 August 2026
NEWS
കാഷ്വൽ സ്വീപ്പർ നിയമനത്തിന് കുടുംബശ്രീ വഴി ഏകീകൃത മാർഗരേഖ; പട്ടികയിൽ 3 മുതൽ 5 വരെ പേരുകൾ നിർബന്ധം
06/08/2026  02:50 PM IST
ന്യൂസ് ബ്യൂറോ
കാഷ്വൽ സ്വീപ്പർ നിയമനത്തിന് കുടുംബശ്രീ വഴി ഏകീകൃത മാർഗരേഖ; പട്ടികയിൽ 3 മുതൽ 5 വരെ പേരുകൾ നിർബന്ധം

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ കാഷ്വൽ സ്വീപ്പർ, ക്ലീനിംഗ് തൊഴിലാളികൾ എന്നിവരെ കുടുംബശ്രീ മുഖേന താൽക്കാലികമായി നിയമിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ചു. ഇത്തരം നിയമനങ്ങൾക്കായി ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുന്നതിൽ ജില്ലാ മിഷനുകൾ ഏകീകൃത രീതി പിന്തുടരാത്തതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് 2005ലെയും 2010ലെയും ധനകാര്യ വകുപ്പ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരു ഒഴിവിലേക്ക് ഒരു വ്യക്തിയെ മാത്രം ശുപാർശ ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. പകരം ഓരോ ഒഴിവിനും 3 മുതൽ 5 വരെ ഉദ്യോഗാർഥികളുടെ പട്ടിക കുടുംബശ്രീ സിഡിഎസിൽ നിന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് കൈമാറണം. ഇവരിൽ നിന്ന് അഭിമുഖത്തിലൂടെ അനുയോജ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി, സീനിയോറിറ്റി ക്രമത്തിൽ നിയമനം നടത്തണമെന്നും വ്യക്തമാക്കുന്നു. ഇത്തരം നിയമനങ്ങളുടെ കാലാവധി പരമാവധി 179 ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ കാലാവധിക്കിടെ ആരെങ്കിലും ജോലി ഉപേക്ഷിച്ചാൽ ബാക്കിയുള്ള ദിവസങ്ങളിലേക്ക് അതേ പട്ടികയിൽ നിന്ന് അടുത്ത ആളെ നിയമിക്കാമെങ്കിലും, 179 ദിവസം പൂർത്തിയാക്കിയ ഒരാളെ വീണ്ടും ശുപാർശ ചെയ്യാൻ പാടില്ലെന്നും ഇത്തരത്തിൽ തുടർച്ചയായോ പുനർനിയമനമായോ ആരെയെങ്കിലും നിയമിച്ചാൽ അതിന്റെ നിയമപരമായ ബാധ്യത കുടുംബശ്രീ സംവിധാനത്തിന് ഉണ്ടാകില്ലെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.

നിയമനത്തിനായി അപേക്ഷകരെ തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക ഭാഷയിലെ സാക്ഷരത, 50 വയസ്സിൽ താഴെയുള്ള പ്രായം, ജോലിക്ക് ആവശ്യമായ ശാരീരിക ക്ഷമത എന്നിവ മാനദണ്ഡമാക്കണം. അതിദരിദ്ര കുടുംബാംഗങ്ങൾ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന അംഗങ്ങളുള്ള കുടുംബങ്ങൾ, വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, വനിതാ കുടുംബനാഥകളായ കുടുംബങ്ങൾ, ഹൃദ്രോഗം, കാൻസർ, കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരോ കിടപ്പുരോഗികളോ ഉള്ള കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന നൽകണമെന്നും നിർദേശിക്കുന്നു. എന്നാൽ ഇത്തരം പട്ടികയിൽ ഉൾപ്പെടുന്നത് ഒരു തരത്തിലും നിയമനത്തിനുള്ള അവകാശമായി കണക്കാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിയമനാധികാരി ജില്ലാ മിഷനിലേക്ക് ആവശ്യമായ അറിയിപ്പ് നൽകിക്കഴിഞ്ഞാൽ 7 ദിവസത്തിനകം ജില്ലാ മിഷൻ കോഓർഡിനേറ്റർ ബന്ധപ്പെട്ട സിഡിഎസിനെ വിവരം അറിയിക്കണം. തുടർന്ന് പരമാവധി 10 ദിവസത്തിനകം സിഡിഎസ് ചെയർപേഴ്സണും മെമ്പർ സെക്രട്ടറിയും ചേർന്ന് അംഗീകരിച്ച പട്ടിക ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് കൈമാറണം. ഇത് 7 ദിവസത്തിനകം ബന്ധപ്പെട്ട സ്ഥാപനത്തിന് കൈമാറേണ്ടതുമാണ്. ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിഡിഎസിൽ നിന്നു തന്നെ പട്ടിക ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ട്.
കുടുംബശ്രീ ജില്ലാ മിഷനോ സിഡിഎസോ ഉദ്യോഗാർഥികളുടെ നിയമന അധികാരിയോ തൊഴിൽദാതാവോ ആയിരിക്കില്ലെന്നും ഈ വസ്തുത പട്ടിക കൈമാറുന്ന അറിയിപ്പിൽ പ്രത്യേകം രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ നിയമനം നടത്തുന്ന സ്ഥാപനങ്ങൾ ബന്ധപ്പെട്ട സിഡിഎസുമായി കരാറിൽ ഏർപ്പെടണം. അപേക്ഷകരുടെ ലിസ്റ്റ് ഉപജീവന ഉപസമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും തയാറാക്കി ആറുമാസം കൂടുമ്പോൾ പുതുക്കണമെന്നും നിർദേശിക്കുന്നു. നിയമിക്കപ്പെടുന്നവരുടെ വേതനം നിയമനാധികാരി ബന്ധപ്പെട്ട സിഡിഎസിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും അവിടെ നിന്ന് അതത് വ്യക്തികളുടെ അക്കൗണ്ടിലേക്ക് നൽകുകയും വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img