
ടെഹ്റാൻ: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. രാത്രിയിൽ ആകാശത്ത് അസാധാരണമായി തിളങ്ങിക്കൊണ്ട് താഴ്ന്നു സഞ്ചരിക്കുന്ന വസ്തുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സെപ്റ്റംബർ 20ന് പകർത്തിയതെന്ന് അവകാശപ്പെടുന്ന വിഡിയോകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ടെഹ്റാനിലെ അസാദേഗൻ എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപമാണ് ആകാശത്ത് പ്രകാശിക്കുന്ന വസ്തുവിനെ കണ്ടതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
വിഡിയോയിൽ കാണുന്നത് എന്താണെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ പല വാദങ്ങളാണ് ഉയരുന്നത്. ഇത് സൈനിക ഡ്രോൺ ആണെന്നാണ് ചിലരുടെ നിഗമനം. ഒന്നിലധികം ഡ്രോണുകൾ ഒരുമിച്ച് സഞ്ചരിക്കുന്നതാകാമെന്നും ചിലർ പറയുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും അജ്ഞാത സാങ്കേതികവിദ്യയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതിനിടെ അന്യഗ്രഹ ജീവികളുമായും പറക്കുംതളികകളുമായും സംഭവത്തെ ബന്ധിപ്പിച്ചുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നിൽ 1976 സെപ്റ്റംബറിൽ ഇറാന്റെ ആകാശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവമാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
1976 സെപ്റ്റംബർ 19-ന് ഇറാന്റെ ആകാശത്ത് അജ്ഞാത പറക്കുംവസ്തു കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വസ്തുവിനെ നിരീക്ഷിക്കാനും നേരിടാനുമായി ഇറാൻ യുദ്ധവിമാനങ്ങൾ അയച്ചതായും അന്നത്തെ രേഖകളിൽ പറയുന്നുണ്ട്. 1976ലെ ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സർക്കാർ രേഖകളിലും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വസ്തു യഥാർഥത്തിൽ എന്താണെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതിനാൽ ഡ്രോണാണോ മറ്റേതെങ്കിലും ആകാശവസ്തുവാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.










