08:18am 30 April 2026
NEWS
സർവ്വേ റിപ്പോർട്ട് പ്രതികൂലം; വെബ് സൈറ്റിൽ നിന്ന് മാറ്റി കർണാടകം
03/01/2026  11:51 AM IST
വിഷ്ണുമംഗലം കുമാർ
സർവ്വേ റിപ്പോർട്ട് പ്രതികൂലം; വെബ് സൈറ്റിൽ നിന്ന് മാറ്റി കർണാടകം

കർണാടകത്തിലും വോട്ടുചോറി നടഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. ആ നിലപാടിനോട് ചേർന്നുനിന്നുകൊണ്ടാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് ചെയ്തു എന്ന് സംശയിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. അതിനിടയിലാണ് ഗവണ്മെന്റിനെ വിഷമസന്ധിയിലാക്കുന്ന സർവ്വേ റിപ്പോർട്ട് ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മെയ് മാസത്തിനും ആഗസ്റ്റിനുമിടയിൽ ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഗ്രാം (GRAAM) എന്ന സന്നദ്ധ സംഘടന സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ഒരു സർവ്വേ നടത്തിയിരുന്നു. ആ സർവ്വേയിൽ പങ്കെടുത്തവരിൽ 84.55 ശതമാനം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നീതിയുക്തവും സ്വതന്ത്ര്യവും സത്യസന്ധവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. വോട്ടിങ് യന്ത്രം കുറ്റമറ്റതാണെന്ന് 83.60 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ഈ റിപ്പോർട്ട് കർണാടക മോനിറ്ററിംഗ് ആൻഡ്‌ ഇവാലുവേഷൻ അതോറിറ്റി (KMEA) യുടെ  വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് പൊതുജനം അറിഞ്ഞത്. സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണിത്. ഗവണ്മെന്റ് നിലപാടിന് എതിരായ ആ സർവ്വേ റിപ്പോർട്ട് മണിക്കൂറുകൾക്കകം വെബ് സൈറ്റിൽ നിന്ന് മാറ്റപ്പെട്ടു. വോട്ടുചോരി യാഥാർഥ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഉറപ്പിച്ചു പറയുന്നു. " സർവ്വേ  വോട്ടു ചോരി ആരോപണം തള്ളൂന്നില്ല എന്നാൽ അവരുടെ കണ്ടെത്തൽ ശരിയല്ല. ഗ്രാമിന് രാഷ്ട്രീയ പക്ഷപാതമുണ്ട്" സിദ്ധരാമയ്യ പറഞ്ഞു. " ഞങ്ങൾ തികച്ചും പ്രൊഫഷണലാണ്. ഒരുത്തരത്തിലുള്ള രാഷ്ട്രീയ ചായ്‌വും ഞങ്ങൾക്കില്ല" ഗ്രാമിന്റെ സ്ഥാപകനായ ബാല സുബ്രഹ്മണ്യം പ്രതികരിച്ചു. മൈസൂരു ആസ്ഥാനമായുള്ള ഗ്രാസ് റൂട്ട്സ് റിസേർച്ച് ആൻഡ്‌ അഡ്വക്കസി മൂവ്മെന്റ് (GRAAM) വര്ഷങ്ങളായി പ്രവർത്തന രംഗത്തുള്ള എൻ ജി ഒ ആണ്. എന്നാൽ സർവ്വേ റിപ്പോർട്ട് പ്രതികൂലമായതാണ് ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത്. വെബ് സൈറ്റിൽ നിന്ന് പിൻവലിച്ചെങ്കിലും സർവ്വേ റിപ്പോർട്ട് മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img