
മുനമ്പം വഖഫ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഭൂമി വഖഫല്ലെന്ന് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിൻറെ മകളുടെ കുടുംബം നിലപാടെടുത്തു. സിദ്ദിഖ് സേഠിൻറെ മകൾ സുബൈദയുടെ മക്കളാണ് മുമ്പത്തെ ഭൂമി വഖഫല്ലെന്ന നിലപാടെടുത്തത്. ഈ നിലപാട് ഇവരുടെ അഭിഭാഷൻ വഖഫ് ട്രൈബ്യൂണലിനെ അറിയിക്കുകയും ചെയ്തു.
സിദ്ധീഖ് സേഠിൻറെ മക്കളായ സുബൈദ ബായിയും, നസീർ സേഠും, ഇർഷാദ് സേഠുമായിരുന്നു മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയത്. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ 2019 മെയ് 20 ന് ഭൂമി ഏറ്റെടുത്ത് കൊണ്ട് വഖഫ് ബോർഡ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് ഹർജി നൽകി. മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയതാണെന്നും വഖഫായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്നുമാണ് വഖഫ് ട്രൈബ്യൂണലിൽ ഫാറൂഖ് കോളജ് മാനേജ്മെൻറ് നടത്തുന്ന കേസ്. ഇതിനോട് യോജിച്ചായിരുന്നു സുബൈദയുടെ മക്കളുടെ വാദം.
സുബൈദ മരിച്ചുപോയതിന് ശേഷം സുബൈദയുടെ മക്കളാണ് കേസ് നടത്തിയിരുന്നത്. അപ്രതീക്ഷിതമായാണ് സുബൈദയുടെ മക്കൾ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാട് സ്വീകരിച്ചത്. അതേസമയം, സിദ്ദീഖ് സേഠിൻറെ മറ്റുമക്കളായ നസീർ സേഠും, ഇർഷാദ് സേഠും ഭൂമി വഖഫാണെന്ന നിലപാടിൽ തുടരുകയാണ്.











