
ടെന്നസി: വധശിക്ഷ നടപ്പാക്കാൻ രണ്ട് തവണ മാരക മരുന്ന് കുത്തിവെച്ചിട്ടും മരണം സംഭവിച്ചില്ല. അമേരിക്കയിലെ ടെന്നസിയിൽ 50കാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ഗുരുതരാവസ്ഥയിലായ പൈക്കിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നാഷ്‌വില്ലെയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലായിരുന്നു വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകളാണ് പൈക്കിന് നൽകിയത്. എന്നാൽ രണ്ട് ഡോസുകൾ നൽകിയ ശേഷവും അവർ ജീവനോടെ തുടരുകയായിരുന്നു.
1995ൽ സഹപാഠിയായ 19കാരി കോളീൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കൊലപാതകം നടക്കുമ്പോൾ പൈക്കിന് 18 വയസ്സായിരുന്നു. 1996ലാണ് കോടതി വധശിക്ഷ വിധിച്ചത്.
വധശിക്ഷ നടപ്പാക്കുന്നതിന് അവസാന നിമിഷംവരെ പൈക്കിന്റെ നിയമസംഘം ശക്തമായ നിയമപോരാട്ടം നടത്തിയിരുന്നു. മാരക കുത്തിവെപ്പ് തടയുന്നതിനായി നൽകിയ രണ്ട് വ്യത്യസ്ത ഹർജികളും യുഎസ് സുപ്രീം കോടതി തള്ളുകയായിരുന്നു. ലോവർ കോടതി അനുവദിച്ച സ്റ്റേയും പിന്നീട് സുപ്രീം കോടതി റദ്ദാക്കി.
ഇതിന് പിന്നാലെയാണ് പെന്റോബാർബിറ്റൽ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യ ഡോസ് നൽകിയിട്ടും മരണം സംഭവിച്ചില്ലെങ്കിൽ രണ്ടാമത്തെ ഡോസ് നൽകണമെന്നാണ് ടെന്നസിയിലെ നിലവിലെ പ്രോട്ടോക്കോൾ. എന്നാൽ രണ്ടാമത്തെ ഡോസിന് ശേഷവും തടവുകാരി ജീവനോടെ തുടരുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രോട്ടോക്കോളിൽ വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ.
വധശിക്ഷ പരാജയപ്പെട്ടതോടെ അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് പൈക്കിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചു. തുടർന്ന് പൈക്കിനെ മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. മെഡിക്കൽ ഉദ്യോഗസ്ഥർ ചികിത്സ നൽകിയതായി ഡിസ്ട്രിക്ട് ജഡ്ജ് ക്ലിഫ്ടൺ എൽ. കോർക്കർ വ്യക്തമാക്കി.
പൈക്കിന്റെ നിയമസംഘം നിയോഗിച്ച എമോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ഡോ. ജോയൽ സിവോട്ട്, മരണത്തിന് കാരണമാകുന്ന അളവിൽ പെന്റോബാർബിറ്റൽ രക്തത്തിൽ എത്തിയിട്ടുണ്ടാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
സംഭവത്തിൽ എന്താണ് കൃത്യമായി സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ മൂന്നാം കക്ഷി അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ടെന്നസി ഗവർണർ ബിൽ ലീ അറിയിച്ചു. നിശ്ചയിച്ചിരുന്ന രീതിയിൽ വധശിക്ഷാ നടപടികൾ ഇനി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിനിടെ തങ്ങൾ സ്വീകരിച്ച നടപടികളിൽ ഉറച്ചുനിൽക്കുന്നതായി ടെന്നസി കറക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. പ്രോട്ടോക്കോൾ പ്രകാരമുള്ള മാരക കുത്തിവെപ്പ് മരുന്നാണ് ഉപയോഗിച്ചതെന്നും അന്നത്തെ നടപടികൾക്ക് ശേഷം അധിക നടപടികൾ സ്വീകരിക്കാൻ നിലവിലെ പ്രോട്ടോക്കോൾ അനുവദിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
1976ൽ യുഎസിൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന് ശേഷം 1,663 പുരുഷന്മാർ വധശിക്ഷയ്ക്ക് വിധേയരായപ്പോൾ 18 സ്ത്രീകൾക്കാണ് ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ആകെ വധശിക്ഷകളിൽ സ്ത്രീകളുടെ വിഹിതം ഏകദേശം ഒരു ശതമാനം മാത്രമാണ്.










