
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കം. ഉപതിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെയെ നേരിടാൻ ഇടതുപാർട്ടികൾ നേരിട്ട് കളത്തിലേക്ക്! പ്രധാന മുന്നണികളുടെ ഭാഗമാകാതെ സിപിഎമ്മും സിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കും. ഇതോടെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുക്കുമെന്നുറപ്പ്.
മധുരാന്തകത്ത് സിപിഎമ്മും ധരാപുരത്ത് സിപിഐയും സ്ഥാനാർഥികളെ നിർത്താനാണ് തീരുമാനം. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം കൂടിയായതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നീക്കം ചർച്ചയായി. സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്നും സിപിഎം അറിയിച്ചു.
അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് വെറും ഇരുപതാം ദിവസം രാജിവച്ച നടപടിയെയാണ് ഇടതുപാർട്ടികൾ രൂക്ഷമായി ചോദ്യം ചെയ്യുന്നത്. എംഎൽഎമാരുടെ രാജി തെറ്റായ നടപടിയാണെന്നും ജനാധിപത്യപരമായി ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും അവർ ആരോപിച്ചു. രാജിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും അതിനാൽ ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നുമാണ് ഇടതുപാർട്ടികളുടെ വിമർശനം.
അതേസമയം ടിവികെയുമായുള്ള രാഷ്ട്രീയ നിലപാടിൽ വൻ മാറ്റമില്ലെന്നും ഇടതുപാർട്ടികൾ വ്യക്തമാക്കി. വർഗീയ ശക്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്ന് അവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ മത്സരം വേറെ, സർക്കാരിനുള്ള പിന്തുണ വേറെ എന്ന നിലപാടിലാണ് ഇടതുപാർട്ടികൾ. സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ വിജയ്‌യുടെ ടിവികെ ഉൾപ്പെടെയുള്ള കക്ഷികൾക്ക് മുന്നിൽ ഇടതുപാർട്ടികൾ നേരിട്ട് സ്ഥാനാർഥികളെ ഇറക്കുന്നത് തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂട് വർധിപ്പിക്കുകയാണ്.










