
ന്യൂഡൽഹി: ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ ഗ്രാമീണ ഇന്ത്യയിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ഏറെ പിന്നിലെന്ന് യുനെസ്കോ റിപ്പോർട്ട്. ഗ്രാമപ്രദേശങ്ങളിൽ 100 ആൺകുട്ടികൾ 11, 12 ക്ലാസുകൾ പൂർത്തിയാക്കുമ്പോൾ പെൺകുട്ടികളിൽ 59 പേർക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനാകുന്നത്. അതേസമയം, നഗരപ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ തുല്യനില കൈവരിക്കാനായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒക്ടോബർ 11-ന് ആചരിക്കുന്ന അന്താരാഷ്ട്ര ബാലികാ ദിനത്തിന് മുന്നോടിയായി യുനെസ്കോ പുറത്തിറക്കിയ ജെൻഡർ ഇക്വിറ്റി ഇൻ ആക്സസ് ടു എഡ്യൂക്കേഷൻ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ 31 രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ ലിംഗവിവേചനമാണ് റിപ്പോർട്ട് വിലയിരുത്തിയത്.
ദേശീയതലത്തിലും പിന്നിൽ പെൺകുട്ടികൾ
ഇന്ത്യയിൽ ദേശീയതലത്തിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ 89 പെൺകുട്ടികൾ മാത്രമാണ് പഠനം പൂർത്തിയാക്കുന്നത്. നഗരപ്രദേശങ്ങളിൽ ഈ വ്യത്യാസം ഇല്ലാതാകുമ്പോൾ ഗ്രാമീണ മേഖലകളിൽ പെൺകുട്ടികൾ നേരിടുന്ന പിന്നാക്കാവസ്ഥ കൂടുതൽ പ്രകടമാകുന്നു.
സ്കൂൾ പ്രവേശനത്തിന്റെ കാര്യത്തിലും ഗ്രാമീണ മേഖലകളിൽ ആശങ്കാജനകമായ സാഹചര്യമാണുള്ളത്. 15-16 വയസ്സുള്ള ഗ്രാമീണ പെൺകുട്ടികളിൽ 8.1 ശതമാനം പേർ സ്കൂളിൽ പ്രവേശനം നേടിയിട്ടില്ലെന്നാണ് എ.എസ്.ഇ.ആർ 2024 റിപ്പോർട്ടിലെ കണക്ക്. 2022-ൽ ഈ നിരക്ക് 7.9 ശതമാനമായിരുന്നു.
ദാരിദ്ര്യവും സാമൂഹിക സാഹചര്യങ്ങളും വെല്ലുവിളി
സാമ്പത്തിക പിന്നാക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ പരിമിതികളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതായി യുനെസ്കോ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് വിശകലനം ചെയ്ത രാജ്യങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ശതമാനം കുടുംബങ്ങളിലെ ലിംഗസമത്വ സൂചിക 0.66 ആണ്. എന്നാൽ സമ്പന്നരായ 20 ശതമാനം കുടുംബങ്ങളിൽ ഇത് 0.92 ആയി ഉയരുന്നു. കുടുംബത്തിന്റെ സാമ്പത്തിക നില വിദ്യാഭ്യാസ അവസരങ്ങളിലെ ലിംഗവ്യത്യാസത്തെ സ്വാധീനിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഇന്ത്യയുടെ ഇടപെടലുകൾ
വിദ്യാഭ്യാസരംഗത്തെ ലിംഗവിവേചനം കുറയ്ക്കുന്നതിനായി ഇന്ത്യ നടപ്പാക്കിയ വിവിധ പദ്ധതികൾക്ക് ഗുണപരമായ ഫലങ്ങളുണ്ടായതായും റിപ്പോർട്ട് വിലയിരുത്തുന്നു.
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ ഒരുക്കിയത് കൗമാരക്കാരായ പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം മെച്ചപ്പെടുത്താൻ സഹായിച്ചു. കൃത്യമായ ഉച്ചഭക്ഷണ വിതരണം പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം കുറയ്ക്കുന്നതിനും സഹായകമായി.
കർണാടകയിലെ 121 ഗ്രാമങ്ങളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ലൈഫ് സ്കിൽ പരിശീലനങ്ങളും സാമൂഹിക കൂട്ടായ്മകളും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ നിരക്ക് ഉയർത്താൻ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നേപ്പാളിൽ വലിയ മുന്നേറ്റം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ നേപ്പാൾ കൈവരിച്ച പുരോഗതിയും യുനെസ്കോ റിപ്പോർട്ട് എടുത്തുകാട്ടുന്നു. 1990-ൽ എട്ട് ശതമാനം മാത്രമായിരുന്ന പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ പൂർത്തീകരണ നിരക്ക് 2024-ഓടെ 89 ശതമാനമായി ഉയർന്നു. ഇതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ വിദ്യാഭ്യാസ പൂർത്തീകരണത്തിൽ സമത്വം കൈവരിക്കാനും രാജ്യത്തിന് സാധിച്ചു.
സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക ആനുകൂല്യങ്ങൾ, പരീക്ഷാ സംവിധാനത്തിലെ പരിഷ്കാരങ്ങൾ തുടങ്ങിയ നടപടികളാണ് നേപ്പാളിന്റെ മുന്നേറ്റത്തിന് സഹായകമായത്.
ഫീസ് ഇളവുകൾ മാത്രം പോരാ
വിദ്യാഭ്യാസം സൗജന്യമാക്കുന്നതുകൊണ്ടുമാത്രം പെൺകുട്ടികൾക്ക് പഠനം പൂർത്തിയാക്കാൻ കഴിയണമെന്നില്ലെന്നും യുനെസ്കോ മുന്നറിയിപ്പ് നൽകുന്നു. സ്കൂളുകളിലേക്കുള്ള യാത്രാസൗകര്യങ്ങളുടെ കുറവ്, സുരക്ഷിതമല്ലാത്ത അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ബാല്യവിവാഹം, കൗമാര ഗർഭധാരണം തുടങ്ങിയ തടസ്സങ്ങളും പരിഹരിക്കേണ്ടതുണ്ട്.
പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനം ഉറപ്പാക്കുന്നതിനൊപ്പം പഠനം പൂർത്തിയാക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോഴേ വിദ്യാഭ്യാസരംഗത്ത് യഥാർഥ ലിംഗസമത്വം കൈവരിക്കാനാകൂവെന്നാണ് റിപ്പോർട്ടിന്റെ പ്രധാന സന്ദേശം.










