
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഖത്തർ ഇൻകാസ് യൂത്ത് വിംഗിന്റെയും നസീം മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ മികച്ച പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് മുന്നോറോളം പേർ പ്രയോജനപ്പെടുത്തി.
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ, കൊളസ്ട്രോൾ ഉൾപ്പെടെ 14 വ്യത്യസ്ത രക്തപരിശോധനകൾ, ബി.എം.ഐ. പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങിയ വിവിധ സേവനങ്ങൾ സൗജന്യമായി ഒരുക്കിയിരുന്നു. നിരവധി പേർക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും തുടർചികിത്സയ്ക്കുള്ള നിർദേശങ്ങൾ ലഭിക്കുന്നതിനും ക്യാമ്പ് സഹായകമായി.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഖത്തർ ഇൻകാസ് യൂത്ത് വിംഗ് സെക്രട്ടറി സുഹൈൽ സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്കറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, യൂത്ത് വിംഗ് പ്രവർത്തകരുടെ സജീവമായ ഇടപെടൽ പരിപാടിയുടെ വിജയത്തിന് വലിയ കരുത്താവുകയും ചെയ്തു. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായ്യിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ വി ബോബൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഹൈദർ ചുങ്കത്തറ , വി എസ് അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ ചടങ്ങിൽ ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികളെക്കുറിച്ചും സമയബന്ധിതമായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻഷാ പി വി ,ചീഫ് പേട്രൺ മുഹമ്മദ് റുബീഷ്, ട്രെഷറർ ജിൻസ് ജോസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂത്ത് വിംഗ് ട്രഷറർ ആഷിഖ് നന്ദി രേഖപ്പെടുത്തി.
മെഡിക്കൽ ക്യാമ്പ് വിജയകരമാക്കുന്നതിൽ മികച്ച സഹകരണം നൽകിയ നസീം മെഡിക്കൽ സെന്ററിനോടുള്ള ആദരസൂചകമായി, ഖത്തർ ഇൻകാസ് പാലക്കാട് യൂത്ത് വിംഗ്, ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹിക്കൾ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
ഭാവിയിലും പ്രവാസികൾക്കായി കൂടുതൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും മറ്റ് ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലാ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, യൂത്ത് വിംഗ് ഭാരവാഹികൾ, അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്ത പരിപാടി പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മാതൃകാപരമായ ഒരു സംരംഭമായി മാറി.











