
അഞ്ചു വയസുള്ള ആൺകുട്ടിയെ യുവാവ് നരബലി നടത്തി. രാജസ്ഥാനിലെ ജയ്പുരിൽ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. കുഞ്ഞിന്റെ അമ്മാവനായ മനോജ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത. മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു ദിവസം മുൻപാണ് സരായ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ അഞ്ചു വയസുകാരൻറെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോെടയാണ് ക്രൂരകൃത്യം അറിഞ്ഞത്. മനോജുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും, ഒരു കുട്ടിയുടെ ബലിദാനവും, മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.
ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നൽകി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചിൽ രക്തം ശേഖരിക്കുകയായിരുന്നു. രക്തം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.











