
രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ 67,003 കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
2025 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് വിവിധ പൊതുമേഖലാ ബാങ്കുകളിലായി 58,330.26 കോടി രൂപയാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഇതിൽ 29 ശതമാനം വിഹിതവും എസ്ബിഐയിലാണുള്ളത്. സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത 8,673.72 കോടി രൂപയാണുള്ളത്. അവകാശികളില്ലാത്ത പണം കെട്ടിക്കിടക്കുന്ന സ്വകാര്യ ബാങ്കുകളിൽ ഐസിഐസിഐ ബാങ്കാണ് മുന്നിൽ. 2,063.45 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിൽ അവകാശികളില്ലാതെ കിടക്കുന്നത്.
സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിൽ 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത പണവും കാലാവധി പൂർത്തിയായി 10 വർഷത്തിനകം ക്ലെയിം ചെയ്യപ്പെടാത്ത ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ള പണവുമാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാൽ റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് പണം മാറ്റും.











