
ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിൽ മാത്രം 58,331 കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്. സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ടെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു.
അവകാശികളില്ലാതെ ഏറ്റവും കൂടുതൽ പണം കെട്ടികിടക്കുന്നത് എസ്ബിഐയിലാണ്. 19,330 കോടി രൂപയാണ് എസ്ബിഐയിൽ മാത്രം കെട്ടികിടക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടിയും ഇത്തരത്തിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നു.
സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ ബാങ്കിലാണ് ഈ ഇനത്തിൽ ഏറ്റവും കൂടുതൽ തുകയുളളത്. 2,063 കോടി രൂപയാണ് ഇവിടെ അവകാശികളില്ലാതെ കിടക്കുന്നത്. എച്ച്ഡിഎഫ്‌സി (1610 കോടി), ആക്‌സിസ് ബാങ്ക് (1360 കോടി) എന്നിങ്ങനെയാണ് സ്വകാര്യ ബാങ്കുകളിലെ സ്ഥിതി.
10 വർഷമായി നിർജീവമായിക്കിടക്കുന്ന സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ പണവും കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെ 10 വർഷമായി കിടക്കുന്ന പണവും ഉൾപ്പെടെയാണിത്. ഇത്തരത്തിൽ കെട്ടിക്കിടന്ന 9456 കോടി രൂപ റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പ്രചാരണപരിപാടികളിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വകാര്യബാങ്കുകൾ 841 കോടി രൂപ തിരിച്ചുനൽകി.










