
മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ കല്യാൺ-ഡോംബിവ്ലി മേഖലയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിക്കെതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്.
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ഡോക്ടർമാർ മൂന്ന് തവണ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പരിശോധനാഫലം ഗർഭിണിയാണെന്ന് വന്നതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു.
റിപ്പോർട്ട് ലഭിച്ചതോടെ ആശങ്കയിലായ കുടുംബം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയല്ലെന്ന് വ്യക്തമായത്. തുടർന്ന് ആർത്തവ സംബന്ധമായ അസുഖത്തിന് ആവശ്യമായ ചികിത്സ നൽകി പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
സർക്കാർ ആശുപത്രിയിലെ പരിശോധനാ നടപടികളിലും ഫലത്തിന്റെ കൃത്യതയിലും സംശയം ഉന്നയിച്ച് കുടുംബം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.










