03:20am 19 July 2026
NEWS


​പ്രഖ്യാപിക്കാത്ത പവർക്കട്ട് ജീവനെടുത്തു; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ച് പാലക്കാട് സ്വദേശി മരിച്ചു

18/07/2026  09:16 AM IST
​ഓൺലൈൻ ഡെസ്ക്
  ​പ്രഖ്യാപിക്കാത്ത പവർക്കട്ട് ജീവനെടുത്തു; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ച് പാലക്കാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ രാത്രികാലങ്ങളിൽ ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്നു. ഒടുവിലിതാ പ്രഖ്യാപിക്കാത്ത പവർക്കട്ട് കാരണം ഓക്‌സിജൻ കോൺസൻട്രേറ്റർ നിശ്ചലമാവുകയും, ശ്വാസമെടുക്കാൻ കഴിയാതെ കിടപ്പുരാേഗി മരണപ്പെടുകയും ചെയ്ത ദാരുണ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.
​പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം.കൃഷ്ണനാണ് (71) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ, കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. എന്നാൽ വ്യാഴാഴ്ച രാത്രി 12 മണിയോടെ പ്രദേശത്ത് വൈദ്യുതി തടസപ്പെടുകയായിരുന്നു.
​വൈദ്യുതിയിൽ നേരിട്ട് പ്രവർത്തിക്കുന്നതിനാൽ ഒക്‌സിജൻ സിലിണ്ടറുകളെപ്പോലെ ഇടയ്ക്കിടെ റീഫിൽ ചെയ്യേണ്ടതില്ലെന്ന സൗകര്യം കണക്കിലെടുത്താണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ പെട്ടെന്നുണ്ടാകുന്ന വൈദ്യുതി മുടക്കം ഇത്തരം രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുകയാണ്.
പ്രതിസന്ധി സമ്മതിച്ച് കെ.എസ്.ഇ.ബി; രാഷ്ട്രീയപ്പോര് സജീവം
​രാത്രികാലങ്ങളിൽ 1000 മെഗാവാട്ടിന്റെ വരെ വൈദ്യുതി കുറവുണ്ടാകുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ പറയുന്നു. എന്നാൽ അതിനോട് സർക്കാരിന് യോജിപ്പില്ല. കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് പവർക്കട്ട് ഇല്ലായിരുന്നുവെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ നാട് ഇരുട്ടിലായെന്നുമുള്ള എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണം സജീവമായ സാഹചര്യത്തിലാണിത്. മുൻകാലങ്ങളിൽ വൈദ്യുതി മുടക്കം കൃത്യമായി സമയം നിശ്ചയിച്ച് ജനങ്ങളെ അറിയിച്ചിരുന്നു.
​എൽനിനോ പ്രതിഭാസത്തെതുടർന്ന് മഴ കുറഞ്ഞതോടെ രാജ്യത്താകെ ജലവൈദ്യുതോൽപാദനത്തിൽ 22 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധികമായി വൈദ്യുതി വാങ്ങാൻ കിട്ടാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ആണവനിലയത്തെച്ചൊല്ലി തർക്കം; 

പുതിയ കരാറുകൾക്ക് അനുമതി
​അതിനിടെ, കാസർകോട് ചീമേനിയിൽ ആണവവൈദ്യുത നിലയം സ്ഥാപിക്കണമെന്ന വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ നിർദ്ദേശത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ആണവനിലയ നിർമ്മാണം അത്ര എളുപ്പമല്ലെന്നും സമൂഹത്തിൽനിന്ന് ഇതിനെതിരെ വലിയ എതിർപ്പുയരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.
​നിലവിലെ പ്രതിസന്ധി മറികടക്കാൻ പുതിയ വൈദ്യുതി കരാറുകൾക്ക് നടപടി തുടങ്ങിയിട്ടുണ്ട്:
​300 മെഗാവാട്ട്: 2027 ജനുവരി ഒന്നു മുതൽ 2031 വരെ വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഇന്നലെ അനുമതി നൽകി.
​200 മെഗാവാട്ട്: എൻ.ടി.പി.സിയിടക്കം രണ്ടു കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതം യൂണിറ്റിന് 5.98 രൂപ നിരക്കിൽ മുഴുവൻ സമയവും ഒരു വർഷത്തേക്ക് വാങ്ങാനും നടപടി തുടങ്ങി. ഇതിനുള്ള അപേക്ഷയിൽ കമ്മിഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.
​"ദീർഘകാല നടപടികളിലൂടെ മാത്രമേ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. എന്നാൽ വരാനിരിക്കുന്ന ഫുട്‌ബോൾ ഫൈനൽ ദിവസം വൈദ്യുതി മുടങ്ങാതിരിക്കാൻ ആവശ്യമായ താൽക്കാലിക ക്രമീകരണങ്ങൾ ഒരുക്കും."
​- സണ്ണി ജോസഫ് (വൈദ്യുത മന്ത്രി)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img