
കൊച്ചി: കൊടുംചൂടിൽ വലയുന്ന മലയാളികൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി. സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ആണ് ജനത്തെ വലയ്ക്കുന്നത്. ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രാമ-നഗര ഭേദമില്ലാതെയാണ് അപ്രഖ്യാപിത ലോഡ്‌ഷെഡിങ് നടപ്പാക്കുന്നത്.
ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുൻപുതന്നെ വടക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു. എന്നാൽ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.
അതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയിൽ, വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം നീട്ടിയിരിക്കുകയാണ്. ഇത് കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി. കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകാനാണ് നിർദ്ദേശം.










