
അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ ശിക്ഷാ സംവാദ് 2026 വിദ്യാഭ്യാസ വിദഗ്ധനും ഗണിത ശാസ്ത്രജ്ഞനുമായ എ ടി ബോസ് ഉദ്ഘാടനം ചെയ്യുന്നു. അബ്ദുൽ നാസർ, ജേക്കബ് ജോർജ്, കൃഷ്ണകാന്ത്, ഡോ. ജഗ്ജീത് സിംഗ് ദൂരി, റവ. ഫാ. ജയിംസ് മുല്ലശ്ശേരി, ശശികുമാർ ബാംഗ്ലൂർ, സൗരവ് കപൂർ, പി എസ് രാമചന്ദ്രൻ പിള്ള, സറോഷ് അബ്രഹാം എന്നിവർ സമീപം
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ കുട്ടികളുടെ താൽപര്യം മുൻനിർത്തിയാകണം: എ ടി ബോസ്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിലുള്ള ഓരോ മാറ്റവും കുട്ടികൾക്ക് ഗുണകരമാണോയെന്ന് പരിശോധിച്ചശേഷം മാത്രമേ നടപ്പാക്കാവൂവെന്ന് വിദ്യാഭ്യാസ വിദഗ്ധനും ഗണിത ശാസ്ത്രജ്ഞനുമായ എ ടി ബോസ് പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച 'ശിക്ഷാ സംവാദ് 2026' ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരു വിശകലനവും കൂടാതെ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിക്കുന്നതിന് പകരം പ്രിൻസിപ്പൽമാരും അധ്യാപകരും മാറ്റങ്ങളുടെ ആവശ്യകത വിലയിരുത്തി അധികൃതർക്ക് നിർദേശങ്ങൾ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഗുരുകുല സമ്പ്രദായത്തിൽ നിന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാക്കി. ഗുരുകുലത്തിൽ കുട്ടികളുടെ മനസ്സ് വിശാലമായ അന്തരീക്ഷത്തിലേക്ക് തുറന്നിരുന്നെങ്കിൽ ബ്രിട്ടീഷ് മാതൃക വിദ്യാഭ്യാസത്തെ നാലു ചുവരുകൾക്കുള്ളിലാക്കി. കാലക്രമേണ വിദ്യാഭ്യാസം കൂടുതൽ ചെലവേറിയതായെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയം എന്നത് ഒരു നയം മാത്രമാണെന്നും പാർലമെന്റ് പാസാക്കിയ നിയമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയത്തിന്റെ പേരിൽ നടപ്പാക്കുന്ന പരീക്ഷാ, പരിശീലന പരിഷ്‌കാരങ്ങൾ ഉൾപ്പെടെയുള്ള ഓരോ നടപടിയും കുട്ടിയുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമാണോയെന്ന് പരിശോധിക്കണം.
ഒമ്പത്, പത്ത് ക്ലാസുകളിൽ മൂന്നാമത്തെ ഭാഷയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിന് പകരം ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ചരിത്രം, ഭൂമിശാസ്ത്രം, പൗരശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിചയം നൽകണം. ജെ ഇ ഇ പോലുള്ള പ്രവേശന പരീക്ഷകളിലെ കടുത്ത മത്സരം ഓർമശക്തിക്ക് മാത്രം പ്രാധാന്യം നൽകുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സർഗാത്മകതയും മറ്റ് കഴിവുകളും വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിദ്യാഭ്യാസ പാരമ്പര്യത്തിലെ ഗണിതരീതികൾ ഉൾപ്പെടെയുള്ള തദ്ദേശീയ അറിവുകൾ പാഠ്യപദ്ധതിയിൽ കൂടുതൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊളോണിയൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി ഇന്ത്യൻ സംഭാവനകൾക്ക് പാഠപുസ്തകങ്ങളിൽ മതിയായ ഇടം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കുട്ടിയുടെ താൽപര്യവും പ്രായവും മുൻനിർത്തിയാണ് വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടത്. ആവശ്യമില്ലാത്ത മാറ്റങ്ങൾക്കെതിരെ പ്രിൻസിപ്പൽമാരും അധ്യാപകരും ഏകകണ്ഠമായ നിലപാട് സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റ് റവ. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് ഡോ. ജഗ്ജീത് സിംഗ് ദൂരി, സൗരവ് കപൂർ, ശശികുമാർ ബാംഗ്ലൂർ, പി എസ് രാമചന്ദ്രൻ പിള്ള, സറോഷ് അബ്രഹാം, ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനം ഇന്ന് (22-09-2026) രാവിലെ 10 മണിക്ക് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠവുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അണ്‍ എയ്ഡഡ് സ്‌കൂള്‍ സംഘടനാ നേതാക്കള്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Photo Courtesy - Google









