
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ സൈന്യം നടത്തിയ നടപടികൾ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പരിധിയിൽ വരുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. 2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധത്തിനിടെ ഗാസയിൽ മാത്രം 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
പലസ്തീൻ കുട്ടികളെ ബോധപൂർവം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും, ഇത്തരം നടപടികൾ വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവയുടെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ജൂൺ 23ന് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയിലെ ജനതയുടെ ഭാവിയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കുട്ടികൾക്കെതിരായ ആക്രമണങ്ങളെന്ന് അന്വേഷണ സമിതി വിലയിരുത്തി.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 20,000 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആകെ മരണസംഖ്യയുടെ 30 ശതമാനത്തോളം കുട്ടികളാണെന്നും മുൻകാല സംഘർഷങ്ങളെ അപേക്ഷിച്ച് ഈ യുദ്ധത്തിൽ കുട്ടികൾ കൊല്ലപ്പെടുന്ന നിരക്ക് അസാധാരണമായി ഉയർന്നതാണെന്നും റിപ്പോർട്ട് പറയുന്നു.
വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഇസ്രയേൽ സൈനിക നടപടികൾ തുടർന്നുവെന്നാണ് കമ്മീഷൻ ചെയർമാൻ ശ്രീനിവാസൻ മുരളീധരൻ ആരോപിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ, പ്രത്യേകിച്ച് ആൺകുട്ടികൾ, ക്രൂരമായ മർദ്ദനങ്ങൾക്കും ലൈംഗിക-ശാരീരിക അതിക്രമങ്ങൾക്കും ഇരയായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
ആശുപത്രികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രസവചികിത്സാ കേന്ദ്രങ്ങളും ഐ.വി.എഫ് ലബോറട്ടറികളും നശിപ്പിച്ചതിലൂടെ ജനനനിരക്കിനെ ബാധിക്കാനുള്ള ശ്രമങ്ങൾ നടന്നതായും അന്വേഷണ സമിതി ആരോപിക്കുന്നു.
അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇസ്രയേൽ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്.










