
കാസർകോട്: പാണക്കാട് കുടുംബത്തെ പുകഴ്ത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്ത്. പാണക്കാട് കുടുംബം കേരള മുസ്‌ലിം സമൂഹത്തിന് തണലാണെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിനിടെ ഉമർ ഫൈസി മുക്കം പറഞ്ഞു. കേരളത്തിലെ മുസ്‌ലിങ്ങളുടെ നേതൃത്വപാത നിർണ്ണയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗിനോടു വിരോധമുള്ള സഖാവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, തനിക്ക് ഒരിക്കലും സഖാവാകാൻ കഴിയില്ലെന്നും ഉമർ ഫൈസി പറഞ്ഞു. പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള തന്റെ നിലപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും, അവരോടുള്ള ആദരവിലും അംഗീകാരത്തിലും മാറ്റമില്ലെന്നും പ്രസംഗത്തിലൂടെ ഉമർ ഫൈസി വ്യക്തമാക്കി.
ഇതിന് മുൻപ് പാണക്കാട് കുടുംബത്തെ വിമർശിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. ഈ പരാമർശങ്ങൾ സമസ്തയുടെ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയ സംഘടനാ നേതൃത്വം അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. ഇത്തരം പരാമർശങ്ങൾ സമസ്ത പ്രവർത്തകർക്കു യോജിച്ചതല്ലെന്നും അത് തീർത്തും അപമര്യാദയാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എം ടി അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവർ ചേർന്ന് ഉമർ ഫൈസിയെ നേരിട്ട് വിളിച്ചു ശാസിച്ചതായും, ഇത്തരം പ്രവൃത്തികൾ സമസ്തയുടെ ശൈലിയല്ലെന്നും ഉടൻ പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും അറിയിച്ചതായും നേതൃത്വം വ്യക്തമാക്കി. ഭാവിയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരിൽ നിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
പാണക്കാട് കുടുംബത്തിന് ഉണ്ടായ മനോവിഷമത്തിൽ സമസ്ത നേതൃത്വം ഖേദം രേഖപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഉമർ ഫൈസി മുക്കം പാണക്കാട് കുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗം നടത്തിയത്.











