
മലപ്പുറം: വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുസ്ലിംലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയാണ് ഉമർ ഫൈസി പ്രധാനമായും വിമർശിച്ചത്. ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
വഖഫ് വകുപ്പ് മുസ്ലിംലീഗിന്റെ കൈവശമാണെന്നും ആ വകുപ്പിനെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർ ഫൈസി പറഞ്ഞു. കെ.എസ്. ഹംസയെയും തന്നെയും വഖഫ് ബോർഡിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.
'കെ.എസ്. ഹംസയെ അവർക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമർ ഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരി അത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെ പിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല എന്നാണ്' ഉമർ ഫൈസി പറഞ്ഞു.
ആർഎസ്എസിന്റെ വാദത്തിനൊപ്പംനിന്ന് തരംതാഴേണ്ട ഗതികേട് നിങ്ങൾക്ക് വന്നല്ലോയെന്നും സർക്കാരിനോടും ലീഗിനോടും ഉമർ ഫൈസി പറഞ്ഞു. മതത്തിന്റെ പേരിലുള്ള പാർട്ടികളും പൊതുജനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കെണിഞ്ഞ ശ്രമത്തിൽകൂടിയാണ് ഈ സർക്കാർ പോയിക്കൊണ്ടിരിക്കുന്നതെന്നും ഉമർ ഫൈസി ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ വിവിധ നയങ്ങളെയും ഉമർ ഫൈസി വിമർശിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ വിവിധ നിലപാടുകൾ തന്നെ തിരിച്ചടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് വിഷയത്തിലുൾപ്പെടെ സർക്കാരിന്റെ നടപടികളെ പ്രത്യേക നിലപാടോടെയാണ് വിലയിരുത്തേണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.










