
സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചയിൽ അമേരിക്കയുടെ നിർദ്ദേശമെല്ലാം യുക്രൈൻ അംഗീകരിച്ചതോടെ റഷ്യ- യുക്രൈൻ സംഘർഷത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിൽ ലോകം. 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ എന്ന നിർദ്ദേശമാണ് അമേരിക്ക യുക്രൈന് മുന്നിൽവെച്ചത്. ഈ നിർദ്ദേശം അംഗീകരിക്കാൻ യുക്രൈൻ തയ്യാറായതോടെയാണ് മേഖലയിലെ സംഘഷത്തിന് താത്ക്കാലിക ശമനമുണ്ടാകാൻ വഴി തെളിഞ്ഞത്. തങ്ങളുടെ നിർദേശം യുക്രൈൻ അംഗീകരിച്ചതോടെ റദ്ദാക്കിയ സഹായങ്ങൾ പുനസ്ഥാപിക്കാൻ അമേരിക്കയും തയ്യാറാകുകയായിരുന്നു. സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതും പുനരാരംഭിക്കാൻ തങ്ങൾ തയ്യാറാണെന്ന് അമേരിക്ക യുക്രൈൻ സംഘത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം റഷ്യ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. വിഷയത്തിൽ റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് പുടിനും തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. പന്ത് ഇനി റഷ്യയുടെ കോർട്ടിലാണെന്ന് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. റഷ്യ നിർദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാർകോ റൂബിയോ കൂട്ടിച്ചേർത്തു.
സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി അറിയിച്ചു. സെലൻസ്‌കിയെ വീണ്ടും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ, അപൂർവ ധാതുക്കരാറിൽ ഒപ്പുവെക്കാൻ യു.എസിലെത്തിയ സെലൻസ്‌കിയും ട്രംപും തമ്മിലെ കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിച്ചിരുന്നു.